കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നു മുതൽ ഏർപ്പെടുത്തിയ രാത്രികാല കർഫ്യു ആരംഭിച്ചു. രാത്രി 9 മുതൽ പുലർച്ചെ 5 വരെയാണ് കര്‍ഫ്യൂ.
അടിയന്തര പ്രാധാന്യമുള്ള ആവശ്യങ്ങൾക്കല്ലാതെ വാഹനങ്ങൾ നിരത്തിലിറങ്ങാൻ അനുവദിക്കില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയിരുന്നതെങ്കിലും ആദ്യ ദിവസമായ ഇന്ന് ബോധവൽക്കരണത്തിനാണ് ഊന്നൽ നൽകിയത്.
9 മണി മുതൽ പുലർച്ചെ 5 മണിവരെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം, ഒത്തുകൂടൽ ,ആഘോഷങ്ങൾ,പുറത്തിറങ്ങി നടക്കൽ തുടങ്ങി സകല പ്രവർത്തനങ്ങളും നിരോധിച്ചു. നാളെ മുതൽ ശക്തമായ നടപടിയെടുക്കുമെന്നും വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും പൊലീസ് അറിയിച്ചു. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ നാളെ രാവിലെ 11 ന് മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും.