Kerala

കൊവിഡ് വ്യാപനം; കോട്ടയം മെഡിക്കൽ കോളജിൽ നിയന്ത്രണം ഏർപ്പെടുത്തി

കോട്ടയം ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജില്ലയിലെ മെഡിക്കൽ കോളജിൽ നിയന്ത്രണം ഏർപ്പെടുത്തി. ആശുപത്രിയിയിലെ 12 ഡോക്‌ടേഴ്‌സിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വാർഡുകളിൽ ഇനി മുതൽ സന്ദർശകരെ അനുവദിക്കില്ല. കൂട്ടിരിപ്പുകാർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ഒപ്പം മെഡിക്കൽ കോളജ് ക്യാമ്പസിലേക്കെത്തുന്ന വിദ്യാർത്ഥികൾക്കും മറ്റ് പ്രവേശകർക്കും നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു.

ജില്ലയിലെ കാഞ്ഞിരപ്പള്ളി പാല എന്നിവടങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷനിൽ 38 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ ഫയർ സ്റ്റേഷൻ പൂർണ്ണമായും അടച്ചിടാനാണ് തീരുമാനം.

പാല പൊലീസ് സ്റ്റേഷനിൽ 10 പൊലീസുകാർക്ക് നിലവിൽ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സ്റ്റേഷനിലേക്ക് പൊതുജനങ്ങൾ എത്തുന്നത് തടയാനുള്ള ക്രമീകരണങ്ങൾ തുടങ്ങി കഴിഞ്ഞു. കൊവിഡ് വാക്സിൻ എടുത്ത പൊലീസുകാർക്കും കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ പരിശോധനകളുടെ എണ്ണം കൂട്ടാനുള്ള തീരുമാനം എടുത്തിരുന്നു. 20,000 സാംപിളുകളാണ് ജില്ലയിൽ നിന്നും ശേഖരിച്ചത്.