16 രോഗികളായി ആശ്വാസ കണക്കില്‍ നിന്നാണ് സംസ്ഥാനത്തെ കോവിഡ് ഗ്രാഫ് വീണ്ടും 100 കടന്നത്.
സംസ്ഥാനത്ത് വീണ്ടും കോവിഡ് കേസുകളുടെ എണ്ണം 100 കടന്നു. ഇന്നലെ 14 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 10 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും രണ്ട് പേര്‍ വിദേശത്ത് നിന്നും വന്നവരാണ്.
16 രോഗികളായി ആശ്വാസ കണക്കുകളില്‍ നിന്നാണ് സംസ്ഥാനത്തെ കോവിഡ് ഗ്രാഫ് വീണ്ടും 100 കടന്നത്. മലപ്പുറം ജില്ലയില്‍ നാല് പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള രണ്ട് പേര്‍ക്ക് വീതവും രോഗം സ്ഥിരീകരിച്ചു. കൊല്ലം, എറണാകുളം, തൃശൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കും രോഗബാധയുണ്ടായി. ഇതില്‍ രണ്ട് പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. കുവൈത്തില്‍ നിന്നും യുഎഇയില്‍ നിന്നും വന്നവരുടെ സാമ്പിളുകളാണ് പോസിറ്റിവായത്.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 10 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവരില്‍ ഏഴ് പേര്‍ തമിഴ്നാട്ടില്‍ നിന്നുള്ളവരാണ്. മഹാരാഷ്ട്രയില്‍ നിന്നുള്ളവരാണ് മൂന്ന് പേര്‍. എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത് മാലദ്വീപില്‍ നിന്നും വന്ന ഉത്തര്‍പ്രദേശ് സ്വദേശിക്കാണ്. കൊല്ലത്ത് ആരോഗ്യ പ്രവര്‍ത്തകയുടെ സാമ്പിളാണ് പോസിറ്റീവായത്. ഇന്നലെ രോഗവിമുക്തരില്ല.
എയര്‍പോര്‍ട്ട് വഴി 3467 പേരും സീപോര്‍ട്ട് വഴി 1033 പേരും ചെക്ക് പോസ്റ്റ് വഴി 55,086 പേരും റെയില്‍വേ വഴി 1026 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 60,612 പേരാണ് എത്തിയത്. ഇവരെല്ലാം നിരീക്ഷണത്തിലാണ്. പുതുതായി രോഗം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സാഹചര്യങ്ങള്‍ ഗൌരവമായതിനാല്‍ വയനാട് ജില്ലയിലെ പനമരം പ്രദേശത്തെ കൂടി ഹോട്ട് സ്‌പോട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ 23 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്.