India Kerala

റോയി തോമസിന്റെ സഹോദരിയും മക്കളും നല്‍കിയ ഹരജി ഇന്ന് കോടതി പരിഗണിക്കും

കൂടത്തായി കൊലപാതക പരമ്പര പ്രമേയമാക്കി സിനിമയും സീരിയലും നിര്‍മ്മിക്കുന്നതിനെതിരെ പൊന്നാമറ്റം റോയി തോമസിന്റെ സഹോദരിയും മക്കളും നല്‍കിയ ഹരജി ഇന്ന് കോടതി പരിഗണിക്കും. താമരശ്ശേരി കോടതിയാണ് ഹരജി പരിഗണിക്കുന്നത്. സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്ന സ്വകാര്യ ചാനൽ മേധാവിക്കും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനും ഇന്ന് ഹാജരാവണമെന്ന് കാട്ടി കോടതി നോട്ടീസ് നല്‍കിയിരുന്നു.

കൂടത്തായി കൊലപാതക പരമ്പര പ്രമേയമാക്കി സിനിമയും സീരിയലും നിര്‍മ്മിക്കുന്നതിനെതിരെ റോയി തോമസിന്റെ സഹോദരി രഞ്ജി തോമസും റോയി തോമസിന്റെ മക്കളുമാണ് കോടതിയെ സമീപിച്ചത്. പൊന്നാമറ്റം വീട്ടിലുണ്ടായ അനിഷ്ടസംഭവങ്ങള്‍ സിനിമയും സീരിയലും ആവുന്നതോടെ കുട്ടികള്‍ മാനസികമായി തളരുമെന്ന് ഭയപ്പെട്ടാണ് ഹരജി നല്‍കിയതെന്ന് രഞ്ജി നേരത്തെ പറഞ്ഞിരുന്നു.

സംഭവത്തില്‍ 6 കേസുകളില്‍ ഒരു കേസില്‍ മാത്രമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മറ്റ് കേസുകളില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ട്രയല്‍ പോലും ആരംഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കൂടത്തായി കൊലപാതക പരമ്പര പ്രമേയമാക്കി സിനിമയും സീരിയലും വരുന്നത് കേസിനെ ദോഷകരമായി ബാധിക്കുമെന്ന ഭയവും കുടുംബാംഗങ്ങള്‍ക്കുണ്ട്. ഇത് കൂടി പരിഗണിച്ചാണ് ഇവര്‍ കോടതിയെ സമീപിച്ചത്. താമരശേരി കോടതി ഇന്ന് ഹരജി പരിഗണിക്കും. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ സിനിമയും സീരിയലും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിടുമെന്നാണ് നിയമരംഗത്തുള്ളവര്‍ പറയുന്നത്.