Kerala

പ്രതിയുടെ മാനസികാവസ്ഥ സംബന്ധിച്ച് കോടതി റിപ്പോർട്ട് തേടുന്നത് സ്വാഭാവിക നടപടി; ആലുവ കേസിൽ പ്രോസിക്യൂട്ടർ

പ്രതിയുടെ മാനസികാവസ്ഥ സംബന്ധിച്ച് കോടതി റിപ്പോർട്ട് തേടുന്നത് സ്വാഭാവിക നടപടി മാത്രമെന്ന് ആലുവ പോക്സോ കേസിലെ പബ്ലിക് പ്രോസിക്യൂട്ടർ. ആലുവയിലേത് സമാനതകളില്ലാത്ത സംഭവമാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പ്രതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് പ്രതിഭാഗം വാദിച്ചു. എന്നാൽ അത്തരം അവസ്ഥയില്ലെന്നും പരമാവധി ശിക്ഷയാണ് പ്രതിക്ക് നൽകേണ്ടതെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇതോടെ പ്രതിയുടെ ജയിലിലെ സ്വഭാവ റിപ്പോർട്ട് അടക്കം മൂന്ന് സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാൻ കോടതി ഉത്തരവിട്ടിട്ടു. പ്രതിക്ക് കൗൺസിലിങ് നടത്തണമെന്നും കോടതി പറഞ്ഞു.(Court seek report on defendant’s mental health in Aluva pocso case)

പ്രതിയുടെ മാനസികാവസ്ഥ സംബന്ധിച്ച് കോടതി റിപ്പോർട്ട് തേടുന്നത് എല്ലാ കേസുകളിലും നിർബന്ധമല്ലെങ്കിലും അങ്ങനെ ചെയ്യാറുണ്ട്. റിപ്പോർട്ട് ഇതിനോടകം തയ്യാറാണെന്നും പ്രോസിക്യൂഷൻ 24നോട് പറഞ്ഞു. ക്രൂരമായ കുറ്റകൃത്യം നടന്നുകഴിഞ്ഞും പ്രതിക്ക് ഒരു മാനസിക വ്യതിചലനവും ഉ
ണ്ടായിരുന്നില്ല. കുട്ടിയുടെ ദേഹത്ത് കല്ലെടുത്ത് വച്ച് കൊലപ്പെടുത്തിയ ശേഷം, കൈ കഴുകിയത് അതിന്റെ സൂചനയാണ്. ആലുവ മുനിസിപ്പാലിറ്റിയുടെ പൈപ്പിൽ നിന്നാണ് പ്രതി കൈകഴുകിയത്. ഇത്തരം മാനസികാവസ്ഥയുള്ള പ്രതികൾ ദയ അർഹിക്കുന്നില്ലെന്ന് സുപ്രിംകോടതി വരെ വ്യക്തമാക്കിയിട്ടുള്ളതാണ്; പ്രോസിക്യൂട്ടർ പറഞ്ഞു.

പ്രതിക്ക് വധശിക്ഷ തന്നെ ലഭിക്കുമെന്നാണ് കരുതുന്നത്. അപൂർവ്വങ്ങളിൽ അപൂർവമായ കേസെന്ന് കോടതി കണ്ടെത്തി. യാതൊരു ദാക്ഷിണ്യത്തിനും പ്രതി അർഹനല്ലെന്നും സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി മോഹൻരാജ് കൂട്ടിച്ചേർത്തു.

പ്രതി ബിഹാർ സ്വദേശി അസഫാക്ക് ആലത്തിന് മേൽ ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞു. ശിക്ഷാവിധി വ്യാഴാഴ്ച എറണാകുളം പോക്സോ കോടതി വിധിക്കും. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾക്ക് പുറമെ കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങി 16 കുറ്റങ്ങളാണ് അസ്ഫാക്കിനെതിരെ ചുമത്തിയത്. 26 ദിവസം കൊണ്ടാണ് കേസിലെ വിചാരണ പൂർത്തിയാക്കിയത്.