അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ വധ ഗൂഡാലോചന കേസില്‍ സൈബര്‍ വിദഗ്ദന്‍ സായ് ശങ്കറിന്റെ ഉപകരണങ്ങള്‍ തിരികെ നല്‍കണമെന്ന് കോടതി. സായ് ശങ്കറിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങള്‍ തിരിച്ചു നല്‍കാന്‍ ആലുവ കോടതിയാണ് ഉത്തരവിട്ടത്.
ഇലക്ട്രോണിക് ഉപകരണങ്ങളില്‍ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇല്ലെന്ന ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി നിര്‍ദ്ദേശം. രണ്ട് പേരുടേയും അഞ്ച് ലക്ഷം രൂപയുടെയും ആള്‍ ജാമ്യത്തിലാണ് ഉപകരങ്ങള്‍ തിരിച്ചു നല്‍കുന്നത്.
നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി കൂടുതല്‍ പേരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. കാവ്യ മാധവനെയും, സിനിമ മേഖലയിലെ ദിലീപിന്റെ സുഹൃത്തുക്കളെയും ഉടന്‍ ചോദ്യം ചെയ്‌തേക്കും. ബാലചന്ദ്രകുമാര്‍ തെളിവായി ഹാജരാക്കിയ പെന്‍ഡ്രൈവിന്റെ ശാസ്ത്രീയ പരിശോധന ഫലം നിര്‍ണ്ണായകമാകുമെന്ന് വിലയിരുത്തല്‍. സൈബര്‍ വിദഗ്ദന്‍ സായ് ശങ്കറിന്റെ വീട്ടില്‍ നിന്നും പിടിച്ച ഉപകരണങ്ങള്‍ തിരിച്ചു നല്‍കാന്‍ ആലുവ കോടതി ഉത്തരവിട്ടു.
തുടരന്വേഷണത്തിന് ഒന്നര മാസം കൂടി ഹൈക്കോടതി അനുവദിക്കുമ്പോള്‍ കേസില്‍ ക്രൈംബ്രാഞ്ചിന്റെ മുന്നിലുള്ളത് ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക തന്നെയാണ്. നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവന്‍, ദിലീപിന്റെ സഹോദരന്‍, സിനിമ മേഖലയിലെ സുഹൃത്തുക്കളെയടക്കം വീണ്ടും ചോദ്യം ചെയ്യും. കേസില്‍ ദിലീപിന്റെ പങ്ക് ചോദ്യം ചെയ്യപ്പെടാന്‍ കഴിയാത്ത രീതിയില്‍ ഉറപ്പിക്കാന്‍ കഴിയുന്ന തെളിവുകള്‍ കണ്ടെത്തുകയെന്നത് അന്വേഷണ സംഘത്തിന് മുന്നിലുള്ള ശ്രമകരമായ ദൗത്യമാണ്. ഒന്നരമാസത്തിനുള്ളില്‍ 30 ശതമാനത്തോളം വരുന്ന ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ച് തീര്‍ക്കേണ്ടതുമുണ്ട്.
തുടരന്വേഷണത്തിലെ പ്രധാന തെളിവായ ബാലചന്ദ്രകുമാര്‍ സമര്‍പ്പിച്ച പെന്‍ഡ്രൈവിന്റെ ശാസ്ത്രീയ പരിശോധന ഫലം കേസില്‍ ഏറെ നിര്‍ണ്ണായകമാണ്. കേസ് അന്വേഷണത്തിന് സമയം വീണ്ടും നീട്ടി കിട്ടുമ്പോള്‍ ക്രൈംബ്രാഞ്ചിന് തെല്ലൊരു ആശ്വാസം ഉണ്ട് എന്നാല്‍ അന്വേഷണം നീട്ടിക്കൊണ്ട് പോകുന്നത് ദിലീപിനും കൂട്ടര്‍ക്കും വലിയ തിരിച്ചടിയാണ്. തുടരന്വേഷണത്തിന്റെ ഭാഗമായി കേസില്‍ വിചാരണ അടക്കം നിര്‍ത്തിവെക്കുകയും ചെയ്തു. ദിലീപിന്റെ ജാമ്യം റദ്ധാക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യത്തില്‍ വിചാരണ കോടതിയില്‍ വാദം തുടരുകയും ചെയ്യുകയാണ്.