സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ മന്ത്രി ജി. സുധാകരനെതിരെ കേസ് എടുക്കാൻ കോടതി ഉത്തരവിട്ടു. മന്ത്രി അധിക്ഷേപിച്ചെന്ന് കാണിച്ച് മുൻ പേഴ്സണൽ സ്റ്റാഫ് അംഗം നൽകിയ പരാതിയിൽ അമ്പലപുഴ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതിയുടേതാണ് ഉത്തരവ്. മന്ത്രി, മാർച്ച് 29ന് കോടതിയിൽ ഹാജരാകണം.
ജി. സുധാകരൻ സഹകരണ ദേവസ്വം മന്ത്രിയായിരുന്ന കാലഘട്ടത്തിൽ പേഴ്സണൽ സ്റ്റാഫ് അംഗവും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന തോട്ടപ്പള്ളി സ്വദേശിനി നൽകിയ പരാതിയിലാണ് കേസ് എടുക്കാൻ കോടതി ഉത്തരവായത്. 2016 ഫെബ്രുവരി 28ന് തോട്ടപ്പള്ളിയിൽ നടന്ന റോഡിന്റെ നിർമ്മാണ ഉദ്ഘാടനചടങ്ങിൽ മൈക്കിലൂടെ പൊതുവേദിയിൽ വെച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പ്രസംഗിച്ചു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് ന്യായാലയം കോടതിയിലേക്ക് കേസ് റഫർ ചെയ്യുകയായിരുന്നു.
3 വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന കേസ് ആണ് ഇതെന്ന് ചൂണ്ടിക്കാട്ടി ന്യായാലയം കോടതി അമ്പലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലേക്ക് കേസ് കൈമാറി. വിഭാഗീയ പ്രശ്നങ്ങളാണ് മന്ത്രിയുടെ മോശം പെരുമാറ്റത്തിന് കാരണമെന്നു പരാതിക്കാരിയുടെ ബന്ധുക്കള്‍ പറയുന്നു. ഇന്ത്യൻ ശിക്ഷാനിയമം 509ആം വകുപ്പ് പ്രകാരം കേസ് എടുക്കാൻ ഉത്തരവിട്ട കോടതി മാർച്ച് 2 9ന് കോടതിയിൽ ഹാജരാകാനായി സമൻസ് അയക്കാനും നിർദേശം നൽകിയിട്ടുണ്ട്.