India Kerala

റോഡപകടത്തിൽ മരിക്കുന്നവർക്കുള്ള നഷ്ടപരിഹാരം ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കണം: ഹൈക്കോടതി

സംസ്ഥാനത്തെ റോഡുകളുടെ തകര്‍ച്ചയില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. നല്ല റോഡുകളില്ലാത്തതിന് കാരണം ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്ന് കോടതി വിമര്‍ശിച്ചു. റോഡപകടത്തില്‍ മരിക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരം ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

പാലാരിവട്ടത്തെ റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത ഹരജിയാണ് കോടതി പരിഗണിച്ചത്. കേരളത്തിൽ നല്ല റോഡ് ഇല്ലാത്തത് ഉദ്യോഗസ്ഥ അനാസ്ഥയാണെന്ന് ചൂണ്ടികാട്ടിയ കോടതി നല്ല റോഡ് ഉണ്ടാകുക എന്നത് ഭരണഘടനാ അവകാശമാണെന്നും വ്യക്തമാക്കി. എല്ലാ വർഷവും റോഡ് നന്നാക്കുക എന്നത് ശീലമാക്കണം. അങ്ങനെ റോഡ് നന്നാക്കുന്നതിന്റെ ഗുണം പലർക്കും കിട്ടുമെന്നും കോടതി നിരീക്ഷിച്ചു.

റോഡുകളുടെ അനാസ്ഥയ്ക്ക് കാരണം എൻജിനിയർമാരാണ്. റോഡ് അപകടത്തിൽ മരിക്കുന്നവർക്ക് നൽകുന്ന നഷ്ടപരിഹാരം ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കണമെന്നും കോടതി ചൂണ്ടികാട്ടി. റോഡുകളുടെ മോശം അവസ്ഥയ്ക്ക് ഉദ്യോഗസ്ഥരെ ഉത്തരവാദികൾ ആക്കുന്നതിൽ സർക്കാരുമായി ചർച്ച നടത്താമെന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. രാത്രികാലങ്ങളിൽ സ്ത്രീകളോട് പുറത്ത് ഇറങ്ങി നടക്കാനാണു സർക്കാർ പറയുന്നത്. എന്നാല്‍ കൃത്യമായ ലൈറ്റ് പോലും ഇല്ലാത്ത റോഡിലാണോ സ്ത്രീകളോട് ഇറങ്ങാൻ പറയുന്നതെന്നും കോടതി ആരാഞ്ഞു. ഹരജി വീണ്ടും അടുത്തമാസം 17 ന് പരിഗണിക്കും.