Kerala

കുടുംബത്തിന് ബാങ്കിന് ജപ്തി നോട്ടീസ് ലഭിച്ചിരുന്നു; കടമക്കുടി ആത്മഹത്യയ്ക്ക് പിന്നിൽ ഓൺലൈൻ വായ്പാകുരുക്ക് മാത്രമല്ലെന്ന് സംശയം

കൊച്ചി കടമക്കുടിയിൽ രണ്ട് മക്കളെ കൊലപ്പെടുത്തി ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നിൽ ഓൺലൈൻ വായ്പാകുരുക്ക് മാത്രമല്ലെന്ന് സംശയം. കുടുംബത്തിന് ബാങ്കിന് ജപ്തി നോട്ടീസ് ലഭിച്ചതിൻ്റെ രേഖകൾ പൊലീസിനു ലഭിച്ചു. ഫൊറൻസിക് പരിശോധനയ്ക്ക് അയക്കുന്നതിനു മുന്നോടിയായി ദമ്പതിമാരുടെ ഫോണുകൾ കോടതിയിൽ സമർപ്പിച്ചു. (couple suicide bank confiscation)

ഓൺലൈൻ ആപ്പുകളിൽ നിന്ന് മാത്രമല്ല, ബാങ്കിൽ നിന്നും ദമ്പതികൾ വായ്പ എടുത്തിരുന്നു എന്ന് പൊലീസ് പറയുന്നു. ഈ ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് വന്നിരുന്നു. കുടുംബം കടക്കെണിയിലായിരുന്നു എന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ലോൺ ആപ്പുകളിൽ നിന്ന് വന്ന ഭീഷണിയും മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചതുമൊക്കെ ഇവരുടെ മരണത്തിൽ സുപ്രധാന കാരണമായി.

സംഭവത്തിൽ ഓൺലൈൻ ലോൺ ആപ്പിനെതിരെ പൊലീസ് കേസെടുത്തു. വരാപ്പുഴ പൊലീസിന്റേതാണ് നടപടി. മോർഫ് ചെയ്ത ചിത്രങ്ങൾ ഉപയോഗിച്ച് വീണ്ടും കുടുംബത്തിന് നേരെ ഭീഷണി ഉണ്ടാകുന്നുണ്ടെന്നാണ് പരാതി. മരണപ്പെട്ടതിനു ശേഷവും ഇവരുടെ കോണ്ടാക്ടിലുള്ള പലരെയും വിളിച്ച് ലോൺ ആപ്പ് ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കടമക്കുടി മാടശ്ശേരി നിജോ (39) ഭാര്യ ശിൽപ, മക്കൾ ഏബൽ (7), ആരോൺ(5) എന്നിവരെയാണ് കഴിഞ്ഞദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. നിജോയും ഭാര്യയും തൂങ്ങി മരിച്ച നിലയിലും എബലും ആരോണും വിഷം ഉള്ളിൽ ചെന്ന് കട്ടിലിൽ മരിച്ച് കിടക്കുന്ന നിലയിലുമായിരുന്നു.

മരണത്തിന് ശേഷവും ശില്പയുടെ മോർഫ് ചെയ്ത ചിത്രത്തിനൊപ്പം ചില ഓഡിയോ സന്ദേശങ്ങളും ബന്ധുക്കളുടെ ഫോണിലേക്ക് എത്തുന്നുണ്ട്. ശ്രീലങ്കയിൽ രജിസ്റ്റർ ചെയ്ത നമ്പരിൽ നിന്നാണ് കോൾ വരുന്നത്.

ഡിസൈൻ ജോലിക്കാരനായ നിജോയെ ജോലിക്ക് വിളിക്കാനായി അയൽവാസി തമ്പി രാവിലെ വീട്ടുമുറ്റത്തെത്തി നിജോയെ വിളിച്ചെങ്കിലും കേട്ടില്ല. പിന്നാലെ താഴത്തെ നിലയിൽ താമസിക്കുന്ന നിജോയുടെ അമ്മയുടെ സഹായത്തോടെ വിളിച്ചു. ഒടുവിൽ മുകളിലെത്തി മുറിയുടെ വാതിൽ തള്ളി തുറന്നപ്പോഴാണ് നാല് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.