India Kerala

ചാലക്കുടിയില്‍ വോട്ടെണ്ണലിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍

എറണാകുളം, ചാലക്കുടി മണ്ഡലങ്ങളിലെ വോട്ടെണ്ണലിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍. ചാലക്കുടി മണ്ഡലത്തിലെ വോട്ടെണ്ണൽ കളമശ്ശേരി ഗവ.പോളി ടെക്‌നിക് കോളേജിലും എറണാകുളം മണ്ഡലത്തിലെ വോട്ടെണ്ണൽ കുസാറ്റിലും നടക്കും. 2200 ഉദ്യോഗസ്ഥരെയാണ് ജില്ലയിൽ വോട്ടെണ്ണൽ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്.

വോട്ടെണ്ണല്‍ ദിവസം രാവിലെ ഏഴു മണിക്ക് സ്ട്രോങ് റൂമില്‍നിന്നും വോട്ടിങ് യന്ത്രങ്ങള്‍ അതത് നിയമസഭാ മണ്ഡലങ്ങള്‍ക്ക് നിശ്ചയിച്ചിട്ടുള്ള വോട്ടെണ്ണല്‍ ഹാളിലേക്കു മാറ്റും. അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍, തിരഞ്ഞെടുപ്പ് നിരീക്ഷകന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് യന്ത്രങ്ങള്‍ പുറത്തെടുക്കുക.12 വീതം യന്ത്രങ്ങളാണ് ഓരോ റൗണ്ടിലും എണ്ണുക. ഇതിനായി 12 വീതം മേശകള്‍ സജ്ജീകരിക്കും.

ഓരോ മേശക്കു ചുറ്റും ഒരു കൗണ്ടിങ് സൂപ്പര്‍വൈസറും കൗണ്ടിങ് അസിസ്റ്റന്റും മൈക്രോ ഒബ്സര്‍വറും ഉണ്ടാകും. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിച്ച് എട്ട് മുപ്പതോടെ ആദ്യഫല സൂചനകൾ ലഭിക്കും. വോട്ടിങ്ങ് യന്ത്രങ്ങൾ എണ്ണി തീർന്ന ശേഷം തെരഞ്ഞെടുക്കപ്പെടുന്ന ബൂത്തുകളിലെ വിവിപാറ്റുകൾ എണ്ണും.

ജില്ലയിലെ രണ്ടു വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കും മൂന്നു വലയങ്ങളായാണ് സുരക്ഷ ഒരുക്കിയിട്ടുള്ളത്. കേന്ദ്ര – സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റുകൾ വഴി ഫലങ്ങളും ലീഡുകളും തത്സമയം പ്രസിദ്ധീകരിക്കും.