India Kerala

വോട്ടെണ്ണല്‍; സംസ്ഥാനത്ത് 29 കേന്ദ്രങ്ങള്‍, 140 കൌണ്ടറുകള്‍

സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ രാവിലെ എട്ട് മണിക്ക് ആരംഭിക്കും. 29 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലായി 140 കൌണ്ടറുകളില്‍ വോട്ടെണ്ണുന്നതിന്റെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.ആദ്യ മണിക്കൂറുകളില്‍ തന്നെ ട്രെന്‍ഡ് അറിയാമെങ്കിലും വിവിപാറ്റ് രസീതുകള്‍ എണ്ണുന്നത് കൊണ്ട് ഔദ്യോഗിക ഫല പ്രഖ്യാപനം ആറ് മണിക്കൂറോളം വൈകും.

നാളെ രാവിലെ സ്ട്രോങ് റൂമിൽനിന്ന് വോട്ടിങ് യന്ത്രങ്ങൾ അതത് വോട്ടെണ്ണൽ ഹാളിലേക്ക് മാറ്റും. അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ, തെരഞ്ഞെടുപ്പ് നിരീക്ഷകൻ, രാഷ്ട്രീയ പാർടി പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിലാണ് യന്ത്രങ്ങൾ പുറത്തെടുക്കുക. തുടർന്ന് രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും.

തപാല്‍ വോട്ടുകള്‍ എണ്ണുന്നതോടെയായിരിക്കും സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ ആരംഭിക്കുന്നത്.‌വിവിധ സ്ഥലങ്ങളിലായി സജ്ജീകരിച്ചിരിക്കുന്ന 140 വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ 14 കൌണ്ടിംഗ് ടേബിളുകള്‍ വീതമാണ് ഒരുക്കിയിട്ടുള്ളത്. അതായത് ഒരു റൌണ്ട് 14 ടേബിളുകള്‍ എണ്ണും.ഇവയ്ക്ക് പുറമെ നാല് ടേബിളുകളിലായിരിക്കും തപാല്‍ വോട്ടെണ്ണുക. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പുറമെ സ്ഥാനാര്‍ത്ഥികള്‍,ഇലക്ഷന്‍ ഏജന്റ് , കൌണ്ടിംഗ് ഏജന്റ് എന്നിവര്‍ക്കായിരിക്കും വോട്ടെണ്ണുന്ന ഹാളിലേക്ക് പ്രവേശനം.ഏകദേശം നാലു മണിക്കൂർ കൊണ്ട് വോട്ടിങ് മെഷീനുകളിലെ വോട്ട് എണ്ണിത്തീരുമെന്നാണ് പ്രതീക്ഷിക്കുന്നത്.പോസ്റ്റൽ വോട്ടുകളും ഇ.വി.എം വോട്ടുകളും എണ്ണിക്കഴിഞ്ഞാൽ വിവി പാറ്റ് രസീതുകള്‍ എണ്ണിത്തുടങ്ങും. ഓരോ അസംബ്ലി നിയോജക മണ്ഡലത്തിലെ അഞ്ച് ബൂത്തുകളിലെ വിവി പാറ്റുകളാണ് എണ്ണുന്നത്. അവ ഏതാണെന്ന് തീരുമാനിക്കുന്നത് നറുക്കെടുപ്പിലൂടെയാണ്.വി പാറ്റ് എണ്ണുന്നത് കൊണ്ട് വൈകിട്ട് ആറ് മണിയോട് കൂടി മാത്രമേ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകാന്‍ സാധ്യതയുള്ളുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.