Kerala

കെഎസ്ആര്‍ടിസി ഡിപ്പോയിലെ കെട്ടിട നിര്‍മാണത്തില്‍ അപാകത; ഉദ്യോഗസ്ഥയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ശുപാര്‍ശ

കെഎസ്ആര്‍ടിസി മുന്‍ ചീഫ് എന്‍ജിനീയര്‍ ആര്‍. ഇന്ദുവിനെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്യണമെന്ന് പരിശോധനാ റിപ്പോര്‍ട്ട്. എറണാകുളം ഡിപ്പോയിലെ കെട്ടിട നിര്‍മാണത്തിലെ അഴിമതി ചൂണ്ടിക്കാട്ടിയ റിപ്പോര്‍ട്ടില്‍ ഗുരുതര ആക്ഷേപങ്ങളാണ് ആര്‍. ഇന്ദുവിനെതിരെ ഉയര്‍ത്തിയിട്ടുള്ളത്. corruption in ksrtc

എറണാകുളം ഡിപ്പോയിലെ അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിന്റെ നിര്‍മാണത്തില്‍ വീഴ്ച വരുത്തിയതില്‍ 1.39 കോടിയുടെ നഷ്ടമുണ്ടായി. ഈ പണം ആര്‍. ഇന്ദുവില്‍ നിന്നും ഈടാക്കണമെന്നും ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിന്റെയും ഗ്യാരേജിന്റെയും നിര്‍മാണത്തില്‍ പ്രവര്‍ത്തി പദേശം പരിശോധിക്കാതെ എസ്റ്റിമേറ്റ് തയ്യാറാക്കി. നിര്‍മാണത്തിലുള്ള കെട്ടിടത്തിന്റെ ബേസ്‌മെന്റിന് ഗുരുതരമായ പ്രശ്‌നമുണ്ടായിട്ടും റിപ്പോര്‍ട്ട് ചെയ്തില്ല. ബില്ല് തുകയടക്കം സര്‍ക്കാരിലേക്ക് അനധികൃതമായി ശുപാര്‍ശ ചെയ്തു. കരാറുകാരന് വഴിവിട്ട സഹായങ്ങള്‍ ചെയ്തുനല്‍കി തുടങ്ങി ഗുരുതര ആക്ഷേപങ്ങളാണ് ആര്‍. ഇന്ദുവിനെതിരെ റിപ്പോര്‍ട്ടിലുള്ളത്.

നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി ചെയ്യേണ്ട പ്രവൃത്തികളും നടത്തിയില്ല. ഉദ്യോഗസ്ഥയുടെ വീഴ്ചയില്‍ സര്‍ക്കാരിന് ഒരു കോടി മുപ്പത്തിഒന്‍പത് ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ഈ തുക ആര്‍ ഇന്ദുവില്‍ നിന്ന് ഈടാക്കണമെന്നും വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.