യാക്കോബായ സുറിയാനി സഭയില്‍ ലക്ഷങ്ങളുടെ തിരിമറി നടക്കുന്നുവെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. 11 വര്‍ഷത്തെ കണക്കുകള്‍ ഓഡിറ്റ് ചെയ്തതോടെയാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. വരവിനും ചിലവിനും മതിയായ രേഖകളില്ല. സഭാധ്യക്ഷന് വേണ്ടി അടുത്തിടെ ആഡംബര വാഹനം വാങ്ങിയതിന് പോലും രേഖയില്ല. മീഡിയവണ്‍ എക്സ്‍ക്ലൂസിവ്.
സഭയില്‍ പുതിയ ഭരണസമിതി സ്ഥാനമേറ്റെടുത്തതിനെ തുടര്‍ന്നാണ് വര്‍ഷങ്ങളായി സഭാ സ്വത്തുക്കള്‍ കൈകാര്യം ചെയ്തിരുന്ന സമിതി ഓഡിറ്റ് റിപ്പോര്‍ട്ട് തയാറാക്കിയത്. വരവുകളെക്കുറിച്ച് കൃത്യമായി ഒരു വിവരവുമില്ലാത്ത ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചിലവഴിച്ച ലക്ഷക്കണക്കിന് രൂപക്കും രേഖകളില്ല. പണം ചിലവാക്കുന്നത് സംബന്ധിച്ച് കൃത്യമായ രേഖകളോ കണക്കുകളോ സൂക്ഷിക്കാറില്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. പള്ളിത്തര്‍ക്ക കേസുകള്‍ക്കായി ചിലവാക്കിയ തുകക്കും രേഖകളില്ല. വൌച്ചറുകളില്ലാതെ ലക്ഷക്കണക്കിന് രൂപ മുന്‍കൂര്‍ നല്‍കി. വിദ്യാഭ്യാസ ട്രസ്റ്റിന്റെ ഓഡിറ്റ് പോലും നടത്താന്‍ കഴിഞ്ഞില്ല.
2007 മുതല്‍ 2018 വരെ കാലയളവില്‍ നീക്കിയിരുപ്പ് തുകയടക്കം 28 കോടി രൂപ 61 ലക്ഷം രൂപയുടെ വരവുണ്ട്. എന്നാല്‍ ഏകദേശം അത്രയും തന്നെ തുക ചിലവഴിച്ചതായാണ് കണ്ടെത്തല്‍. നിലവില്‍ 26 ലക്ഷം രൂപയുടെ നീക്കിയിരുപ്പാണുള്ളത്. ബാങ്കുകളില്‍ നിന്നെടുത്ത വായ്പകള്‍ അടച്ച് തീര്‍ത്തുവെന്ന് പരാമര്‍ശിച്ചതല്ലാതെ അതിന്റെ തുകയെക്കുറിച്ചും വ്യക്തതയില്ല. 2007ലെ ബാക്കിപത്രപ്രകാരം 49 ലക്ഷം രൂപയുടെ ആസ്തിയുണ്ടായിരുന്നത് ഇപ്പോള്‍ 10 കോടി 28 ലക്ഷമായി വര്‍ധിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.