നഗരസഭകളുടെ വരുമാനത്തില്‍ പ്രത്യക്ഷത്തിൽ തന്നെ വലിയ കുറവാണുണ്ടായത്
ലോക്ഡൌണിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായി സംസ്ഥാനത്തെ നഗരസഭകള്‍. നഗരസഭകളുടെ വരുമാനത്തില്‍ പ്രത്യക്ഷത്തിൽ തന്നെ വലിയ കുറവാണുണ്ടായത്. പ്രതിസന്ധി തുടര്‍ന്നാല്‍ നഗരസഭ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും ബുദ്ധിമുട്ടാകുമെന്ന് കോഴിക്കോട് കോര്‍പ്പറേഷന്‍ ഭരണാധികാരികൾ പറയുന്നു. വരുമാനത്തിൽ 71 ശതമാനം കുറവാണ് നഗരസഭയ്ക്കുണ്ടായത്.
ലോക്ഡൌണ്‍ മൂലം വിനോദനികുതിയിലും കടമുറികള്‍, ഓഡിറ്റോറിയം, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള വരുമാനത്തിലും 405 ലക്ഷം രൂപയുടെ ഇടിവാണ് കോഴിക്കോട് കോര്‍പറേഷന് മാത്രം ഉണ്ടായത്. മറ്റ് വരുമാനങ്ങള്‍ കൂടി നോക്കുമ്പോള്‍ 2019 മാര്‍ച്ച് മുതല്‍ 31 വരെ കോഴിക്കോട് നഗരസഭയുടെ വരുമാനം എട്ട് കോടി അറുപത്തിയേഴ് ലക്ഷത്തി ഒന്‍പതിനായിരത്തി എഴുന്നൂറ്റി എഴുപത്തിയേഴ് രൂപയായിരുന്നു. 2020ല്‍ ഇതേ സമയമുള്ള വരുമാനം 4കോടി പതിനെട്ട് ലക്ഷത്തി തൊണ്ണൂറ്റി ഒന്നായിരത്തി അറുപത്തി രണ്ട് രൂപ. 51.77 ശതമാനം കുറവാണ് വരുമാനം. ഏപ്രില്‍മാസത്തില്‍ വരുമാനത്തിലുണ്ടായത് 71 ശതമാനം കുറവ്. ശമ്പളവിതരണമുള്‍പ്പെടെയുള്ളവ ഈ വരുമാനത്തില്‍ നിന്നാണ് നല്കുന്നത്. സമാനമായ അവസ്ഥയിലൂടെയാണ് മറ്റ് കോര്‍പ്പറേഷനുകളും കടന്ന് പോകുന്നത്.