India Kerala

കേരളത്തില്‍ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 12 ആയി

സംസ്ഥാനത്ത് 12 പേര്‍ കോവിഡ് 19 ബാധിച്ച് ചികിത്സയില്‍. നാല് പേര്‍ ഇറ്റയില്‍ നിന്ന് വന്നവരും 8 പേര്‍ അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുമാണ്. പത്തനംതിട്ടയിലാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മാര്‍ച്ചിലെ എല്ലാ സര്‍ക്കാര്‍ പൊതുപരിപാടികളും റദ്ദാക്കി. സര്‍ക്കാര്‍ ഓഫീസുകളില്‍ രോഗബാധ നിയന്ത്രിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തും. സർക്കാർ ഓഫീസുകളിൽ സാനിറ്റൈസർ ഉപയോഗിക്കണം. പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഈ മാസം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സി.ബി.എസ്.ഇ , ഐ.സി.എസ്.ഇ സ്കൂളുകള്‍ക്കും മദ്രസകള്‍ക്കും അവധി ബാധകമാണ്.

ഏഴാം ക്ലാസ് വരെയുള്ള പരീക്ഷ ഒഴിവാക്കിയിട്ടുണ്ട്. 8 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ പരീക്ഷകള്‍ ജാഗ്രതയോടെ നടത്തും. നിരീക്ഷണത്തിലുള്ളവര്‍ പരീക്ഷയെഴുതാന്‍ വന്നാല്‍ പ്രത്യേക മുറിയില്‍ എഴുതിക്കും. കോളജ് പരീക്ഷകള്‍ക്കും പ്രാക്ടിക്കലുകള്‍ക്കും മാറ്റമില്ല. അവധി ക്ലാസുകള്‍,ട്യൂഷന്‍ ക്ലാസുകള്‍ എല്ലാം മാര്‍ച്ചില്‍ ഒഴിവാക്കണം. സ്കൂള്‍ വാര്‍ഷിക പരിപാടികള്‍ ഒഴിവാക്കണം. പരീക്ഷ ഒഴികെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മറ്റ് പ്രവര്‍ത്തനങ്ങള്‍ ഈ മാസം ഉണ്ടാകില്ല.

ഉത്സവങ്ങളും ആഘോഷങ്ങളും ലഘൂകരിക്കണം. പള്ളിപ്പെരുന്നാള്‍, ഉത്സവങ്ങള്‍ ചടങ്ങുകള്‍ മാത്രമായി നടത്തണം. സിനിമാ തിയറ്റുകള്‍ മാര്‍ച്ച് 31 വരെ അടച്ചിടണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.