India Kerala

കൊറോണ; സംസ്ഥാനത്ത് 436 പേര്‍ നിരീക്ഷണത്തില്‍

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മുന്നൊരുക്കങ്ങള്‍ ശക്തിപ്പെടുത്തി ആരോഗ്യ വകുപ്പ്. 436 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതില്‍‌ അഞ്ച് പേരെ ആശുപത്രികളിലാണ് നിരീക്ഷിക്കുന്നത്. ഇന്നലെ കൊച്ചിയില്‍ സന്ദര്‍ശനം നടത്തിയ കേന്ദ്ര സംഘം ഇന്ന് തിരുവനന്തപുരത്തെത്തും.

രോഗബാധിത പ്രദേശത്ത് നിന്നും സംസ്ഥാനത്തെത്തിയ 436 പേരാണ് അതീവ നിരീക്ഷണത്തിലുള്ളത്. 431 പേര്‍ വീടുകളിലും 5 പേര്‍ ആശുപത്രകളിലുമാണ് ഉള്ളത്. സംശയാസ്പദമായവരുടെ രക്തസാമ്പിളുകള്‍ എഎന്‍വി പുനെയില്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. കൊച്ചിയില്‍ മൂന്നു പേരും തിരുവനന്തപുരം തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് ആശുപത്രികളില്‍ ഐസലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുള്ളത്. ഇവരുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക ശക്തമായ ജാഗ്രത നിര്‍ദ്ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. കോഴിക്കോടാണ് ഏറ്റവും കൂടുതല്‍ പേര്‍ നിരീക്ഷണത്തിലുള്ളത്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ചൈനയില്‍ നിന്ന് വരുന്നവരെ സ്ക്രീന്‍ ടെസ്സിന് വിധേയമാക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ ഇന്നലെ അറിയിച്ചിരുന്നു. വൈറസ് ബാധയെ തടയാന്‍ സംസ്ഥാനത്ത് സ്വികരിച്ചിരിക്കുന്ന മുന്നൊരുക്കങ്ങളില്‍ പൂര്‍ണ തൃപ്തിയാണ് ഇന്നലെ കൊച്ചിയില്‍ സന്ദര്‍ശനം നടത്തിയ കേന്ദ്രസംഘം അറിയിച്ചത്. കൊച്ചി വിമാനത്താവളത്തെയും എറണാകുളം മെഡിക്കല്‍ കോളേജിലേയും മുന്നൊരുക്കങ്ങള്‍ വിലയിരുത്തിയ സംഘം ഇന്ന് തിരുവനന്തപുരത്ത് സന്ദര്‍ശനം നടത്തും.