India Kerala

കൊറോണവൈറസ്

കൊറോണവൈറസ് വിവിധ രാജ്യങ്ങളില്‍ പടരുന്ന സാഹചര്യത്തില്‍ നിരീക്ഷണത്തിലുള്ളവരെ ഒഴിവാക്കുന്നതിനുള്ള മാര്‍ഗരേഖ ആരോഗ്യവകുപ്പ് പുറത്തിറക്കി. നിരീക്ഷണത്തിലുള്ളവരെ ഹൈ റിസ്‌ക്, ലോ റിസ്‌ക് എന്നീ വിഭാഗങ്ങളായി തരം തിരിച്ചാണ് പരിക്ഷ്‌ക്കരിച്ച മാര്‍ഗരേഖ പുറത്തിറക്കിയിരിക്കുന്നത്. വൈറസ് ബാധ സ്ഥിരീകരിച്ച് ആലപ്പുഴ ജില്ലയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർഥിയെ ഇന്ന് ഡിസ്ചാർജ് ചെയ്യും.

കൊറോണ വൈറസ് ബാധിത പ്രദേശങ്ങളില്‍ നിന്നെത്തിയ ദിവസം മുതല്‍ 28 ദിവസം വരെയാണ് നിരീക്ഷണ കാലാവധി. രോഗ ബാധിതരുമായി ബന്ധപ്പെട്ടവര്‍, ചികിത്സിക്കുന്ന ആശുപത്രികള്‍ സന്ദര്‍ശിച്ചവര്‍, രോഗം പടര്‍ന്ന പ്രദേശങ്ങളില്‍ യാത്ര ചെയ്തവര്‍, രോഗം സ്ഥിരീകരിച്ചവരുമായി വിമാനയാത്ര നടത്തിയവര്‍ എന്നിവരാണ് ഹൈ റിസ്‌ക് വിഭാഗത്തില്‍ വരുന്നത്.

രോഗ ബാധിതരുമായോ സംശയിക്കപെടുന്നവരുമായോ ഒരേ മുറിയില് കഴിഞ്ഞവര്‍, രോഗികള്‍ക്കൊപ്പം യാത്ര ചെയ്തവര്‍ എന്നിവരെയാണ് ലോ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവരെ ആരോഗ്യ വകുപ്പ് പുറത്തിറക്കിയ പരിഷ്‌ക്കരിച്ച മാനദണ്ഡങ്ങള്‍ അനുസരിച്ച് വേണം നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കേണ്ടേത്. കൊറോണ വൈറസ് സ്ഥിരീകരിച്ചവരെ ആശുപത്രിയില്‍ നിന്ന് ഡിസാചാര്‍ജ് ചെയ്ത ശേഷവും വീട്ടില്‍ നിരീക്ഷിക്കും.

ചൈനയില്‍ നിന്ന് മടങ്ങി വന്നവരുടെ പരിശോധനാ ഫലം നെഗറ്റീവാണെങ്കില്‍ പോലും 28 ദിവസത്തെ നിരീക്ഷണത്തിന് ശേഷമേ പുറത്തുവീടു. രോഗലക്ഷണമുണ്ടെങ്കിലും ലാബ് പരിശോധന ഫലം നെഗറ്റീവായവരെയും രോഗലക്ഷണം ഇല്ലാത്തവരെയും രോഗബധിതരുമായി നേരിട്ടല്ലാതെ സമ്പര്‍ക്കത്തിലുള്ളവരെയും 14 ദിവസം നിരീക്ഷിക്കും. ഒരു വ്യക്തിയുടെ നിരീക്ഷണ കാലയളവ് അവസാനിക്കുന്ന ദിവസം തന്നെ ആ കുടുംബത്തിലെ മറ്റെല്ലാ അംഗങ്ങളുടെയും നിരീക്ഷണ കാലയളവും തീരും.