കൊറോണ വൈറസ് ബാധയിൽ സംസ്ഥാനത്ത് ആശങ്ക ഒഴിഞ്ഞെങ്കിലും ജാഗ്രത തുടരുകയാണ്. 3252 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3218 പേര്‍ വീടുകളിലും, 34 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. കൊറോണ ബാധിച്ച തൃശൂരിലെ വിദ്യാര്‍ഥിയുടെ പുതിയ പരിശോധന ഫലം നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചിരുന്നു.
രോഗം സംശയിച്ച 345 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതിൽ 326 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. ബാക്കിയുള്ളവയുടെ ഫലം ലഭിക്കാനുണ്ട്. നിലവില്‍ ആശുപത്രിയില്‍ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണ്. വീടുകളില്‍ 28 ദിവസം നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ട് ചെയ്തവര്‍ അതാത് പ്രദേശത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ഐസോലേഷന്‍ നിര്‍ദ്ദേശിച്ച ഡോക്ടര്‍മാരെ സമീപിച്ച് അവരവരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയതായി ഉറപ്പ് വരുത്തേണ്ടതാണ്.
ഇത്തരത്തില്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര പോകാന്‍ തയ്യാര്‍ എടുക്കുന്നവര്‍ അതാത് രാജ്യങ്ങളുടെ ഗൈഡ് ലൈന്‍സ് പരിശോധിച്ച് തീരുമാനം എടുക്കേണ്ടതാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാന കണ്‍ട്രോള്‍ റൂമും ജില്ല കണ്‍ട്രോള്‍ റൂമുകളും തമ്മില്‍ പ്രാധാന്യമേറിയ വിവരങ്ങള്‍ കൈമാറുന്നതിനും വിശകലനം ചെയ്യുന്നതിനും ഏകജാലക സംവിധാനം ഏര്‍പ്പെടുത്തി.
കൊറോണ വൈറസ് രോഗബാധ സംശയിക്കുന്ന കുടുംബങ്ങള്‍ക്ക് കൌൺസിലിംഗിനായി സംസ്ഥാനത്തൊട്ടാകെ 215 അംഗങ്ങളെ വിവിധ ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്. 2656 ഫോണ്‍ വഴി കൗണ്‍സിലിംഗ് സേവനങ്ങള്‍ ഇത് വരെ ലഭ്യമാക്കിയതായും ആരോഗ്യവകുപ്പ് അറിയിച്ചു.
വയനാട് ജില്ലയിൽ കൊറോണ പ്രതിരോധ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 64 ആയി കുറഞ്ഞുവെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. 70 പേരാണ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കൊറോണ സ്ഥീരീകരിച്ച രാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികൾ വയനാട്ടിലുണ്ടെങ്കിൽ അവർ ഉപയോഗിച്ച റൂമുകൾ, പൈപ്പുകൾ, ബാത്ത് റൂം, വാഷ്ബേസിൻ തുടങ്ങിയ സ്ഥലങ്ങൾ ബ്ലീച്ചിംഗ് ലായനി ഉപയോഗിച്ച് അണുനശീകരണം നടത്തണമെന്ന് ജില്ലാ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. നിരീക്ഷണത്തിലുള്ളവരെ കൗൺസലിംഗിന് വിധേയമാക്കാനുള്ള സേവനവും ലഭ്യമാക്കും.
കണ്ണൂര്‍ ജില്ലയില്‍ കൊറോണ വൈറസ് ബാധ സംശയിച്ച് പരിശോധനക്കയച്ച നാല് സാമ്പിളുകളുടെ ഫലവും നെഗറ്റീവ്. ഇതുവരെ പത്ത് പേരുടെ ഫലമാണ് ലഭിച്ചത്. ഇനി രണ്ട് സാമ്പിളുകളുടെ ഫലമാണ് ലഭിക്കാനുള്ളത്. പുതുതായി ജില്ലയില്‍ ആറു പേരെ കൂടി നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കോഴിക്കോട് പുതിയതായി 11 പേർ കൂടി നിരീക്ഷണത്തിലുണ്ട്‍. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 389 ആയി. 24 പേരുടെ സ്രവം പരിശോധനയ്ക്ക് അയച്ചതില്‍ 21 പേരുടെ പരിശോധന ഫലം ലഭിച്ചു. ഫലങ്ങളെല്ലാം നെഗറ്റീവാണെന്ന് ഡിഎംഒ അറിയിച്ചു. മലപ്പുറത്ത് കൊറോണ വൈറസ് രോഗബാധയില്ലെന്നു സ്ഥിരീകരിച്ച ഏഴുപേര്‍ കൂടി ആശുപത്രി വിട്ടു. ഇതോടെ ആശുപത്രി വിട്ടവരുടെ എണ്ണം 28 ആയി. ജില്ലയില്‍നിന്നു പരിശോധനക്കയച്ച 22 സാമ്പിളുകളില്‍ 20 എണ്ണത്തിന്റെ ഫലങ്ങള്‍ ലഭ്യമായി. ഇതിലാര്‍ക്കും വൈറസ് ബാധയില്ലെന്നു സ്ഥിരീകരിച്ചു. കോറോണ വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയിൽ 151 പേർ വീടുകളിലും 3 പേർ ആശുപത്രിയിലും നിരീക്ഷണത്തിൽ.14 പേരുടെ രക്തസാമ്പിളുകൾ പരിശോധനക്ക് അയച്ചു. പരിശോധന ഫലം വന്നത് മുഴുവൻ നെഗറ്റീവാണ്. പാലക്കാട് ജില്ലാ ആശുപത്രിയിലും, ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും ഐസുലേഷൻ വാർഡുകൾ സജ്ജീകരിച്ചിട്ടുണ്ട്.
കൊറോണ ബാധിത മേഖലകളില്‍നിന്നെത്തിയ എട്ടു പേര്‍ക്കുകൂടി കോട്ടയം ആരോഗ്യ വകുപ്പ് ക്വാറന്റയിന്‍ നിര്‍ദേശിച്ചു. ഇതോടെ ജനസമ്പര്‍ക്കമില്ലാതെ കഴിയുന്നവരുടെ എണ്ണം 113 ആയി. ഇവരില്‍ ആര്‍ക്കും വൈറസ് ബാധയുടെ ലക്ഷണങ്ങളില്ല. നിലവില്‍ ആരും ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നില്ല.
കൊറോണ വൈറസ് ബാധയിൽ ആശങ്കപ്പെടേണ്ട സാഹചര്യങ്ങള്‍ ഇല്ലെന്നും കൊല്ലത്ത് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍. ഐസൊലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞിരുന്ന എല്ലാ രോഗികളും ഒഴിഞ്ഞു. രോഗബാധിത രാജ്യങ്ങളില്‍ നിന്നും പുതിയതായി എത്തുന്നവരെ പരിശോധിക്കുന്നതിനും ബോധവത്കരണത്തിനുമുള്ള സംവിധാനങ്ങള്‍ തുടരുന്നുണ്ട്.