India Kerala

കൊറോണ: സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 3447 പേര്‍

കൊറോണയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 3447 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നതായി ആരോഗ്യ വകുപ്പ്. 27 പേരാണ് ആശുപത്രിയിലുള്ളത്. ആശുപത്രിയിലുള്ളവരുടെ ആരോഗ്യ നിലയില്‍ ആശങ്ക വേണ്ടെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

25 ഓളം രാജ്യങ്ങളില്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ജാഗ്രത തുടരുകയാണ്. വിവിധ ജില്ലകളിലായി 3447 പേരാണ് നിരീക്ഷണത്തിലുളളത്. ഇവരില്‍ 3420 പേര്‍ വീടുകളിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്നലെ ഏഴ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംശയാസ്പദമായവരുടെ 380 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിരുന്നു. ഇതില്‍ 344 സാമ്പിളുകളുടെ ഫലം നെഗറ്റീവാണ്. ബാക്കിയുള്ളവരുടെ ഫലം വരാനുണ്ട്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ പറഞ്ഞു.

കൊറോണയുടെ പശ്ചാത്തലത്തില്‍ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഏര്‍പ്പെടുത്തിയ പഠ നയാത്രകള്‍ക്കുള്ള നിയന്ത്രണം പിന്‍വലിച്ചിട്ടുണ്ട്. കൊറോണ വൈറസ് ബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു മുന്‍കരുതലിന്‍റെ ഭാഗമായി മാര്‍ച്ച് 31 വരെ പഠനയാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.