കാസർകോട് ജില്ലയിൽ കൊറോണ വൈറസ് ബാധിച്ച വിദ്യാർഥിയുടെ ആരോഗ്യനില തൃപ്തികരം. വൈറസ് സ്ഥിരീകരിച്ച വിദ്യാര്‍ഥിക്ക് പുറമെ രണ്ട് പേരെ കൂടി ജില്ലയില്‍ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വിദഗ്ധ സംഘം ഇന്ന് ജില്ലയില്‍ എത്തും.
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നെത്തിയ 91 പേരും മറ്റു രാജ്യങ്ങളില്‍ നിന്നെത്തിയ മൂന്ന് പേരും ഉള്‍പ്പെടെ 94 പേരാണ് കാസര്‍കോട് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ള കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികളെ സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും അയക്കേണ്ടതില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ ഇതുവരെ 17 പേരുടെ സാമ്പിളുകളാണ് പരിശോധനക്കയച്ചത്. പരിശോധന ഫലം ലഭിച്ച അഞ്ചുപേരില്‍ ഒരാള്‍ക്ക് മാത്രമാണ് കൊറോണ സ്ഥിരീകരിച്ചത്.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വിദഗ്ധ സംഘം ഇന്ന് ജില്ലയില്‍ എത്തുന്നുണ്ട്. വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യും. ചൈന ഉള്‍പ്പെടെയുള്ള കൊറോണ ബാധിത രാജ്യങ്ങളില്‍നിന്നുള്ള വിനോദ സഞ്ചാരികള്‍ കാസര്‍കോഡ് എത്തിയിട്ടില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി ജില്ലയിലെ ഹോട്ടലുകള്‍, ഹോം സ്റ്റേകള്‍, ഹൌസ് ബോട്ടുകള്‍ എന്നിവയില്‍ പരിശോധന നടത്തി.