India Kerala

കൊറോണ വൈറസ്: കേരളത്തില്‍ ജാഗ്രത തുടരുന്നു,2528 പേര്‍ നിരീക്ഷണത്തില്‍

സംസ്ഥാനത്ത് കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ജാഗ്രത തുടരുകയാണെന്നും ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ. 2528 പേരാണ് നിരീക്ഷണത്തിലുള്ളത്. വിനോദസഞ്ചാരികളില്‍ ചിലരെയും നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

2528 പേരില്‍ 2435 പേര്‍ വീടുകളിലും 93 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. 159 പേരെയാണ് പുതുതായി നിരീക്ഷണ വലയത്തില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ 16 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവില്‍ വൈറസ് ബാധ സ്ഥിരീകരിച്ച മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമാണ്.

ടൂറിസ്റ്റുകളില്‍ തിരുവനന്തപുരത്ത് ഒരാളും എറണാകുളത്ത് രണ്ടുപേരും നിരീക്ഷണത്തിലുണ്ട്. ചൈനയിലെ ചില യൂണിവേഴ്‌സിറ്റികള്‍ വിദ്യാര്‍ത്ഥികളെ തിരിച്ചു വിളിക്കുന്നു എന്ന പരാതി, നോര്‍ക്കയുടേയും കേന്ദ്ര സര്‍ക്കാരിന്‍റെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ തലങ്ങളില്‍ ബോധവത്കരണം വ്യാപിപ്പിക്കാന്‍ ജില്ലാ കളക്ടർമാർക്ക് നിർദേശം നല്‍കിയതായും ആരോഗ്യവകുപ്പ് അറിയിച്ചു.