Kerala

ശ്രീഎമ്മിന്‍റെ വാദം പൊളിയുന്നു; സത്സംഗ് ഫൗണ്ടേഷന് നാലേക്കര്‍ ഭൂമി അനുവദിച്ചതിന്‍റെ പകര്‍പ്പ് പുറത്ത്

യോഗാസെന്‍ററിന് ഭൂമി നൽകിയത് എവിടെയാണെന്ന് അറിയില്ലെന്ന ആർ.എസ്.എസ് സഹയാത്രികൻ ശ്രീഎമ്മിന്‍റെ വാദം പൊളിയുന്നു. ശ്രീ എമ്മിന്‍റെ സത്സംഗ് ഫൗണ്ടേഷൻ ആവശ്യപ്പെട്ട അതേ സ്ഥലത്ത് തന്നെയാണ് സർക്കാർ ഭൂമി നൽകിയിരിക്കുന്നത്.

ഭൂമി എവിടെ വേണമെന്ന് അപേക്ഷയിൽ പറഞ്ഞില്ലെന്നായിരുന്നു മീഡിയവൺ അഭിമുഖത്തിൽ ശ്രീഎം പറഞ്ഞിരുന്നത്. അതേസമയം സര്‍ക്കാര്‍ നാലേക്കര്‍ ഭൂമി നല്‍കിയതിന്‍റെ രേഖ പുറത്ത് വന്നു.

നാലേക്കറിന് 17.5 കോടിയാണ് ഭൂമിയുടെ വില. ഇതിന്‍റെ രണ്ടു ശതമാനം പാട്ട തുകയായി ഈടാക്കും. 15 ഏക്കറാണ് ആവശ്യപ്പട്ടത്. ശ്രീ എമ്മിന്‍റെ സ്ഥാപനം ആവശ്യപ്പെട്ട റീസര്‍വേ നമ്പര്‍ പ്രകാരം തന്നെയാണ് ഭൂമി അനുവദിച്ചിരിക്കുന്നത്. മന്ത്രിസഭ യോഗത്തിന്‍റെ അജണ്ടക്ക് പുറത്തെ ഇനമായി പരിഗണിച്ചുകൊണ്ടാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

ഭൂമിക്ക് മതിപ്പുവിലയായി 17,484269 രൂപ എന്നാണ് ഭൂമിയുടെ കമ്പോ ളവിലയായി രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന്‍റെ രണ്ട് ശതമാനമായ 34,96,853 രൂപ വാര്‍ഷിക പാട്ടമായി ഈടാക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന 26ാം ദിവസമാണ് ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. നിരവധി നിബന്ധനകളോടെയാണ് ഭൂമി പാട്ടത്തിനായി നല്‍കിയിരിക്കുന്നത്.