Kerala

മലയാളി ജവാൻ എ. പ്രദീപിൻ്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

കൂനൂരിൽ സൈനിക ഹെലികോപ്‌റ്റർ അപകടത്തിൽ ജീവൻ നഷ്ടമായ മലയാളി വ്യോമസേന വാറൻ്റ് ഓഫീസർ എ. പ്രദീപിൻ്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. മൃതദേഹം ഇന്ന് രാത്രി ഡൽഹിയിൽ നിന്ന് സുലൂർ വിമാനത്താവളത്തിൽ എത്തിക്കും. മൃതദേഹം വിമാന മാർഗം കൊച്ചിയിലെത്തിച്ച് റോഡ് മാർഗം തൃശൂരിലെത്തിക്കുമെന്നാണ് വിവരം.

എ. പ്രദീപിൻ്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തിയിരുന്നു. 2018-ൽ കേരളം പ്രളയത്തെ നേരിടേണ്ടി വന്നപ്പോൾ നാടിൻ്റെ രക്ഷയ്ക്കായി സധൈര്യം പ്രയത്നിച്ച സൈനികനായിരുന്നു പ്രദീപ് എന്ന് അദ്ദേഹം അനുസ്മരിച്ചു.

അതേസമയം സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന് ആദരമർപ്പിച്ച് രാജ്യം. ഡൽഹിയിലെ വസതിയിൽ നിന്ന് വിലാപയാത്ര ആരംഭിച്ചു. സംസ്കാരം വൈകീട്ട് 4.45 ന് ഡൽഹി ബ്രാർ സ്‌ക്വയർ ശ്മശാനത്തിൽ നടക്കും. ആഭ്യന്തര മന്ത്രി അമിത്ഷാ ഉൾപ്പെടെയുള്ളവർ ആദരാഞ്ജലി അർപ്പിച്ചു. എം പി മാരായ ഇ ഡി മുഹമ്മദ് ബഷീർ,അബ്ദുൽ വഹാബ്,അബ്ദുൽ സമദ് സമദാനി ,ഫ്രാൻസ്, ഇസ്രായേൽ നയതന്ത്ര പ്രതിനിധികൾ ജനറൽ ബിപിൻ റാവത്തിന് അന്തിമോപചാരം അർപ്പിച്ചു.