Kerala

ക്രൈസ്തവ മതം സ്വീകരിച്ച കേരളത്തിലെ ഗോത്ര വിഭാഗങ്ങൾ ഉയർന്ന സാമൂഹ്യ നിലവാരം ആർജിച്ചുവെന്ന് പഠനം

ക്രൈസ്തവ മതം സ്വീകരിച്ച തൃശൂരിന് താഴേക്കുള്ള ദക്ഷിണ കേരളത്തിലെ ഗോത്ര വിഭാഗങ്ങൾ ഉന്നത വിദ്യാഭ്യാസത്തിലൂടെയും നഗരങ്ങളിലേക്ക് ചേക്കേറിയതിലൂടെയും ഉയർന്ന സാമൂഹ്യ നിലവാരം ആർജിച്ചുവെന്ന് പഠനം. ഗുലാട്ടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആന്റ് ടാക്സേഷൻ മുൻ ഡയറക്ടറും ഗവേഷകനുമായ ഡി.നാരായണ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. വടക്കൻ കേരളത്തിലെ ഗോത്രവിഭാഗങ്ങളെ അപേക്ഷിച്ച് ക്രൈസ്തവ മതം സ്വീകരിച്ച ദക്ഷിണ കേരളത്തിലെ ഗോത്ര വിഭാഗങ്ങളിൽ ജോലി സമ്പന്ദമായ കുടിയേറ്റത്തിന്റെ കാര്യത്തിലും ബിരുദ ധാരികളുടെ എണ്ണത്തിലും വർധനയുണ്ടെന്നാണ് പഠനത്തിൽ പറയുന്നത്. 

ഇൻഡോ-കനേഡിയൻ കൊളാബറേറ്റീവ് പദ്ധതിയുടെ ഭാഗമായി പത്ത് വർഷത്തോളം വയനാട്ടിൽ ഗോത്ര വിഭാഗങ്ങളെ കുറിച്ച് പഠനം നടത്തിയിരുന്ന വ്യക്തിയാണ് ഡി.നാരായണ. പിന്നീട് മറ്റുപല തിരക്കകുകളും കാരണം അത് സംബന്ധിച്ച പഠനങ്ങളൊന്നും നടത്താൻ കഴിഞ്ഞിരുന്നില്ല . രണ്ട് വർഷം മുൻപാണ് അമർത്യസെന്നിന്റെ ബംഗാളിലെ പ്രതീകി ട്രസ്റ്റ് ഡി.നാരായണയെ സമീപിക്കുന്നത്. ബംഗാളിലെ പ്രശസ്ത മാസികയായ അനുസ്തൂപിലേക്ക് വേണ്ടി കേരളത്തിലെ ഗോത്ര വിഭാഗങ്ങളെ കുറിച്ചുള്ള പഠനമടങ്ങിയ ലേഖനം നൽകണമെന്നായിരുന്നു ആവശ്യം. അങ്ങനെയാണ് ചില ഗോത്ര വിഭാഗങ്ങളുടെ സാമൂഹ്യ ഉന്നമനത്തിന് പിന്നിലെ കാരണം കണ്ടെത്തുന്ന ഈ പഠനം പ്രസിദ്ധീകരിക്കപ്പെട്ടത്.

‘ വിദ്യാഭ്യാസം ലഭിച്ച് കഴിഞ്ഞാൽ പിന്നീട് ജോലി തേടി പലരും കുടിയേറും. നമ്മുടെ ജനസംഖ്യ സെൻസസിൽഓരോ ഗോത്ര വിഭാഗങ്ങളെ കുറിച്ചും കൃത്യമായി വിവരങ്ങളുണ്ട്. ചില വിഭാഗങ്ങൾ നഗരപ്രദേശങ്ങളിൽ കൂടുതലായി കണ്ടെത്തി. അങ്ങനെയാണ് ഇതിനെ കുറിച്ച് കൂടുതൽ പഠിക്കാൻ തീരുമാനിക്കുന്നത്’- ഡി.നാരായണ പറഞ്ഞു.

ദക്ഷിണകേരളത്തിൽ ക്രിസ്ത്യൻ മിഷണറിമാരുടെ ഇടപെടലാണ് ഗോത്ര വിഭാഗങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിന് കാരണമെന്നാണ് ഡി നാരായണ പറയുന്നത്. ദക്ഷിണ കേരളത്തിലെ ഗോത്രവിഭാഗങ്ങൾ ക്രൈസ്തവ മതം സ്വീകരിച്ചപ്പോൾ വടക്കൻ ഗോത്ര വിഭാഗങ്ങൾ ഹിന്ദു മതത്തിൽ തന്നെ ഉറച്ച് നിന്നു. ഇടുക്കിയിലേയും കോട്ടയത്തേയും മലയരയ വിഭാഗത്തേയാണ് പഠനത്തിൽ ഉദാഹരണമായി എടുത്തിരിക്കുന്നത്. 15,000 ത്തോളം വരുന്ന ഈ വിഭാഗം ദക്ഷിണ കേരളത്തിലെ ക്രൈസ്തവ വിഭാഗത്തിന്റെ 60% ഓളം വരും.

പതിറ്റാണ്ടുകൾക്ക് മുൻപ് ബ്രിട്ടിഷ് മിഷണറിയായിരുന്ന ഹെന്റി ബേക്കറുടെ സന്ദർശനമാണ് ഈ ഗോത്ര വിഭാഗത്തിന്റെ തലവര മാറ്റിവരച്ചത്. ഹൈറേഞ്ചിൽ 11 ക്രൈസ്തവ ദേവാലയങ്ങളും 27 സ്‌കൂളുകളുമാണ് ബേക്കർ പണികഴിപ്പിച്ചത്. മലയരയന്മാരുടെ സാംസ്‌കാരിക മുന്നേറ്റത്തിലും വിദ്യാഭ്യാസ ഉന്നമനത്തിലും സഭ വലിയ പങ്കാണ് വഹിച്ചത്. ഹൈന്ദവ വിശ്വാസത്തിൽ ഉറച്ച് നിന്ന മലയരയന്മാരകട്ടെ ക്രിസ്തീയ വിശ്വാസികളായ മലയന്മാരോട് വിദ്യാഭ്യാസ മേഖലയിൽ മത്സരം കടുപ്പിക്കുകയാണ്. ഹിന്ദു അധികൃതരും ക്രൈസ്തവരും ചേർന്ന് നടത്തിയ പ്രവർത്തനത്തിൽ മലയരയന്മാരുടെ ഉന്നമനം ലക്ഷ്യംകണ്ടു.

പലരും തെറ്റിദ്ധരിക്കുന്നത് പോലെ മിഷണറിമാർ വന്ന് എല്ലാവരേയും പിടിച്ചുകൊണ്ടുപോയി മതംമാറ്റുകയായിരുന്നില്ലെന്ന് ഗവേഷകനും എഴതുത്തുകാരനുമായ ജോസ് പീറ്റർ ട്വന്റിഫോറിനോട് പറഞ്ഞു. 2007 ൽ കലഹിക്കുന്ന ചരിത്രം എന്ന പേരിൽ ഇത് സംബന്ധിച്ച ഒരു പുസ്തകം ജോസ് പീറ്റർ എഴുതിയിരുന്നു. ‘വിവിധ മേഖലകളിലുള്ള അഞ്ച് മലയരയന്മാർ അഞ്ച് തവണ ഹെൻറി ബേക്കറെ പോയി തങ്ങൾക്ക് വിദ്യാഭ്യാസം വേണമെന്ന് അഭ്യർത്ഥിക്കുകയായിരുന്നു. അല്ലാതെ മതം മാറണമെന്ന് ആവശ്യവുമായല്ല മലയരയന്മാർ സമീപിച്ചത്’- ജോസ് പീറ്റർ പറഞ്ഞു.

മലയരയർക്കൊപ്പം തന്നെ ദക്ഷിണ കേരളത്തിലെ ഉള്ളാടർ വിഭാഗത്തിലും ഇത്തരമൊരു ഉന്നമനം സാധ്യമായിട്ടുണ്ട്. വടക്കൻ കേരളത്തിൽ ചെറിയ ശതമാനം ഗോത്ര വിഭാഗങ്ങൾ മാത്രമാണ് ക്രിസ്തുമതം സ്വീകരിച്ചിരിക്കുന്നത്. എന്നാൽ ദക്ഷിണ കേരളത്തിലാകട്ടെ 20.77% ഗോത്രവിഭാഗങ്ങളും ക്രൈസ്തവ വിശ്വാസികളാണ്. ഇതിൽ 30% പേരും നഗരങ്ങളിലേക്ക് കുടിയേറിയവരാണ്. ക്രിസ്തുമതം സ്വീകരിച്ച ഗോത്രവിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിലും നഗരങ്ങളിലേക്കുള്ള കുടിയേറ്റത്തിലും വ്യത്യാസം കാണുന്നുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. വടക്കൻ കേരളത്തിൽ ക്രിസ്തുമതം സ്വീകരിച്ച ഏക ഗോത്ര വിഭാഗം കാസർഗോട്ടെ കൊരഗ വിഭാഗമാണ്. ഇവരിൽ 16.05% പേരും ക്രിസ്ത്യാനികളാണ്.

‘കേരളത്തിൽ 35 ഗോത്ര വിഭാഗങ്ങളുണ്ട്. പലരും ഉൾക്കാടുകളിലാണ്. അവർക്കെല്ലാവർക്കും വിദ്യാഭ്യാസം ആർജിച്ച് സാമൂഹ്യ മുന്നേറ്റം നടത്തണമെന്നില്ല. എന്നാൽ ഇവർക്ക് വന്യജീവികളെ കുറിച്ചും, സസ്യങ്ങളെ കുറിച്ചുമെല്ലാം വലിയ അറിവാണ് ഉള്ളത്. ഇവർക്ക് അനുയോജ്യമായ പല പുരോഗമന പദ്ധതികളും നടപ്പാക്കാമായിരുന്നു. പക്ഷേ ദുഃഖരമായ കാര്യമെന്തെന്നാൽ അതൊന്നും സാധിച്ചില്ല. കഴിഞ്ഞ 25 കൊല്ലമായി ഗോത്ര വിഭാഗങ്ങൾക്ക് വേണ്ടി കുറേ പണം ചെലവഴിക്കുന്നുണ്ട്. ചില പഞ്ചായത്തുകളിലെങ്കിലും ഈ ഗോത്ര വിഭാഗങ്ങളുടെ അറിവും മറ്റും എങ്ങനെ പ്രയോജനപ്പെടുത്തി അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാമെന്ന് ചിന്തിക്കണമായിരുന്നു. പക്ഷേ അതൊന്നും നടപ്പായില്ല. വിവിധ പദ്ധതികളെന്ന് പറഞ്ഞ് പണം മാത്രം ചെലവഴിച്ചിട്ട് കാര്യമില്ല. കുറച്ച് താത്പര്യവും വേണം. പിഎച്ച്ഡിക്ക് പുറത്തേക്ക് ആരും ഇവിടെ കാര്യമായി ഗവേഷം ചെയ്യാറില്ല. ഞാൻ പണിയ സമുദായത്തെ കുറിച്ച് ഗവേഷണം ചെയ്ത സമയത്ത് അവിടെ പഞ്ചായത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ പറഞ്ഞത് സാറേ അവർ നന്നാവില്ല എന്നായിരുന്നു. മുൻവിധിയോടെയാണ് അവരെ സമീപിക്കുന്നത്. ഇവർ കാര്യമായ വോട്ട് ബാങ്കൊന്നും അല്ലല്ലോ. അതുകൊണ്ട് ഇവരുടെ ഉന്നമനത്തിന് രാഷ്ട്രീയക്കാർക്ക് വലിയ താത്പര്യം കാണില്ല’- ഡി നാരായണ പറഞ്ഞു.