നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തും കോന്നിയിലും മത്സരിക്കുന്ന ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ പത്രികയ്‌ക്കൊപ്പം നൽകിയ സത്യവാങ്‌മൂലത്തിലെ വിവരങ്ങള്‍ വ്യാജമെന്ന് ആക്ഷേപം. കാലിക്കറ്റ് സർവകലാശാലയിൽനിന്ന് ബിരുദം നേടിയെന്നാണ് സത്യവാങ്മൂലത്തില്‍ അവകാശപ്പെടുന്നത്. എന്നാൽ, സുരേന്ദ്രൻ പരീക്ഷ ജയിച്ചിട്ടില്ലെന്ന് വിവരാവകാശരേഖകൾ വ്യക്തമാക്കുന്നു.
1987-90 ബാച്ചിൽ സാമൂതിരി ഗുരുവായൂരപ്പൻ കോളജിൽനിന്ന് ബി.എസ്.സി ബിരുദം നേടിയെന്നാണ് സത്യവാങ്മൂലത്തിലുള്ളത്. എന്നാല്‍, ഗുരുവായൂരപ്പന്‍ കോളജിലെ ബി.എസ്.സി കെമിസ്ട്രി വിദ്യാര്‍ഥിയായിരുന്ന സുരേന്ദ്രന്‍ പരീക്ഷ പാസായിട്ടില്ലെന്നാണ് കാലിക്കറ്റ് സർവകലാശാല പരീക്ഷാഭവനില്‍നിന്നുള്ള വിവരാവകാശരേഖകള്‍ ചൂണ്ടിക്കാട്ടുന്നത്.
കാലിക്കറ്റ് സർവകലാശാല നല്‍കിയ വിവരങ്ങള്‍ പ്രകാരം 94212 എന്ന രജിസ്ട്രേഷൻ നമ്പറായിരുന്നു സുരേന്ദ്രന്‍റേത്. സുരേന്ദ്രൻ പരീക്ഷ ജയിച്ചിട്ടില്ലെന്നാണ് ഡെപ്യൂട്ടി രജിസ്ട്രാർ നൽകിയ മറുപടി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് മത്സരിച്ചപ്പോഴും വിദ്യാഭ്യാസ യോഗ്യത ബിരുദമെന്നാണ് സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്.