നാല് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവിൽ കൊല്ലം ബൈപ്പാസ് ഇന്ന് നാടിന് തുറന്നുനൽകും. വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം നിർവ്വഹിക്കുന്നത്. അതേസമയം ബൈപ്പാസ് ഉദ്ഘാടനത്തില്‍ നിന്ന് സ്ഥലം എം.എല്‍.എമാരെ ഒഴിവാക്കി. ഇരവിപുരം എം.എല്‍.എ എം.നൌഷാദിനെയാണ് ചടങ്ങില്‍ നിന്ന് ഒഴിവാക്കിയത്. ചവറ എം.എല്‍.എ വിജയന്‍ പിള്ളയെയും ആദ്യം ഉള്‍പ്പെടുത്തിയിരുന്നില്ല. രണ്ടാമതിറക്കിയ പട്ടികയിലാണ് ഉള്‍പ്പെടുത്തിയത്. കൊല്ലം മേയറുടെ പേരും ലിസ്റ്റില്‍ ഇല്ല. അതേസമയം സ്ഥലം എം.എല്‍.എ അല്ലാത്ത ഒ.രാജഗോപാലിന് ക്ഷണമുണ്ട്. ബി.ജെ.പി എം.പിമാരായ വി മുരളീധരനും സുരേഷ് ഗോപിക്കും വേദിയില്‍ ഇടം നല്‍കി. ജനപ്രതിനിധികളെ ഉദ്ഘാടന ചടങ്ങിൽ നിന്ന് ഒഴിവാക്കിയ നടപടിക്കെതിരെ സി.പി.എം ജില്ലാ നേതൃത്വം പ്രതിഷേധിച്ചു.
കൊല്ലം നഗരത്തിലെത്താതെ എറണാകുളം, തിരുവനന്തപുരം ഭാഗത്തേക്ക് തിരക്കിൽപ്പെടാതെ യാത്ര ചെയ്യാൻ കഴിയുന്നതാണ് നിർദിഷ്ട ബൈപ്പാസ് പാത. 1972ൽ ടി.കെ ദിവാകരൻ പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോഴാണ് ഈ ആശയം മുന്നോട്ട് വച്ചത്. പലപ്പോഴായി നിർമ്മാണം പൂർത്തിയാക്കി. മേവറം മുതൽ അയത്തിൽ വരെയുള്ള പാത 1993ലും അയത്തിൽ – കല്ലുംതാഴം ഭാഗം 1999ലും പൂർത്തിയായി. ആൽത്തറമൂട് മുതൽ മേവറം വരെ ബന്ധിപ്പിക്കുന്ന സമാന്തര പാതയാണ് ഇപ്പോൾ പൂർത്തിയായത്.
ഉമ്മൻചാണ്ടി സർക്കാരിന്റെ അവസാന കാലഘട്ടത്തിലാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ തുല്യ പങ്കാളിത്തത്തോടെ ബൈപ്പാസ് നിർമ്മാണം പുനരാരംഭിക്കുന്നത്. പിന്നീട് വന്ന ഇടത് സർക്കാർ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കി. പണി പൂർത്തീകരിച്ചത് മുതൽ ബൈപ്പാസിന്റെ പിതൃത്വം ഏറ്റെടുത്ത് രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തി. ഉദ്ഘാടനത്തെ ചൊല്ലിയുള്ള വിവാദം ഇനിയും അടങ്ങിയിട്ടില്ല. വിവാദങ്ങൾ അനാവശ്യമാണെന്നാണ് കൊല്ലം നിവാസികളുടെ പ്രതികരണം. ബൈപ്പാസ് ഉദ്ഘാടനത്തെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദത്തിനപ്പുറം കൊല്ലം നിവാസികളുടെ വര്‍ഷങ്ങളായുളള കാത്തിരിപ്പിനാണ് ഇന്ന് വിരാമമാകുന്നത്.