ടെണ്ടർ വ്യവസ്ഥകൾ അട്ടിമറിച്ച് സർക്കാർ 108 ആംബുലൻസ് സർവീസ് കരാർ സ്വകാര്യ കമ്പനിക്ക് കൈമാറി. തെലങ്കാനയിൽ നിന്നുള്ള ജി.വി.കെ ഇ.എം.ആർ.ഐ എന്ന കമ്പനിക്കാണ് കരാർ നൽകിയത്. ട്രോമാ കെയർ പദ്ധതിയുടെ ഭാഗമായാണ് ആംബുലൻസ് സർവീസ്. മീഡിയവൺ എക്സ്ക്ലൂസീവ്.
യോഗ്യരായ കമ്പനിയെ കണ്ടെത്താൻ കഴിയാത്തതിനാലാണ് മൂന്ന് തവണ ടെണ്ടർ വിളിക്കേണ്ടി വന്നത്. മൂന്നാമത്തെ ടെണ്ടറിൽ ജി.വി.കെ ഇ.എം.ആർ.ഐ മാത്രമാണ് പങ്കെടുത്തത്. ടെണ്ടറിൽ ഒരു കമ്പനി മാത്രമാണ് പങ്കെടുത്തതെങ്കിൽ വീണ്ടും ടെണ്ടർ വിളിക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ ടെണ്ടർ വിളിക്കാതെ സാമ്പത്തിക ബിഡിലെ ഉന്നതതല സമിതി ജി.വി.കെ ഇ.എം.ആർ.ഐക്ക് കരാർ നൽകി. ടെണ്ടറിൽ പങ്കെടുത്ത കമ്പനികളിൽ ഏറ്റവും കുറഞ്ഞ ലേലം നൽകിയത് ഇ.എം.ആർ.ഐ ആണെന്ന വാദമാണ് സർക്കാർ ഉന്നയിക്കുന്നത്.
2013ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 108 ആംബുലൻസ് സർവീസ് നടത്തിയ ഈ കമ്പനി സാമ്പത്തിക ക്രമക്കേട് നടത്തിയതായി സി.എ.ജി കണ്ടെത്തിയിരുന്നു. അതേ തുടർന്ന് ആംബുലൻസ് സർവീസ് സർക്കാർ ഏറ്റെടുത്തു. ഈ കമ്പനിക്കാണ് ഇപ്പോൾ സംസ്ഥാനത്ത് ഉടനീളം ആംബുലൻസ് സർവീസ് നടത്താൻ കരാർ നൽകിയിരിക്കുന്നത്.