ബാലഭാസ്കറിന്റേത് അപകട മരണമല്ലെന്ന് കലാഭവന്‍ സോബി. വൈകാതെ തന്നെ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ഇക്കാര്യം തെളിയുമെന്നാണ് വിശ്വാസം. പൊലീസ് പ്രകാശന്‍ തമ്പിയെ അറസ്റ്റ് ചെയ്ത ശേഷമാണ് സംശയം തോന്നി തുടങ്ങിയത്. അപകട സ്ഥലത്ത് സംശയാസ്പദമായി കണ്ടവരെ ഇനിയും കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്നും ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയ ശേഷം സോബി പറഞ്ഞു.
ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടം നടന്ന സമയത്ത് രണ്ട് പേര്‍ സ്ഥലത്ത് നിന്ന് ഓടിപ്പോകുന്നത് കണ്ടുവെന്നാണ് സോബി നേരത്തെ വെളിപ്പെടുത്തിയത്. ഈ സാഹചര്യത്തിലാണ് സോബിയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. തിരുവനന്തപുരം ഗാന്ധിനഗറില്‍ ഓഫീസില്‍ വിളിച്ചുവരുത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. നേരത്തെ പറഞ്ഞ കാര്യങ്ങള്‍ മൊഴിയിലും സോബി ആവര്‍ത്തിച്ചു.
രണ്ട് പേര്‍ ഓടിപ്പോയെന്നത് താന്‍ ബാലഭാസ്കറിന്റെ മാനേജര്‍ പ്രകാശന്‍ തമ്പിയോട് പറഞ്ഞിരുന്നതായും സോബി മൊഴി നല്‍കി. മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രകാശന്‍ തമ്പിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ഇതിനായി കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതിയില്‍ ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കിയിട്ടുണ്ട്.
കേസില്‍ ഇന്നലെ ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പ്രകാശന്‍ തമ്പി മാനേജറല്ലായിരുന്നെന്നും ചില പരിപാടികളുടെ കോഡിനേറ്റര്‍ മാത്രമായിരുന്നെന്നുമാണ് ലക്ഷ്മി മൊഴി നല്‍കിയത്. എന്നാല്‍ പ്രകാശന്‍ തമ്പി മാനേജറായിരുന്നെന്നാണ് ബാലഭാസ്കറിന്റെ പിതാവ് കെ.സി ഉണ്ണി ക്രൈംബ്രാഞ്ചിന് നല്‍കിയിരിക്കുന്ന മൊഴി. വിവരങ്ങള്‍ അറിയുന്നതിലെ വ്യത്യാസമായിരിക്കാം ഇതെന്നാണ് ക്രൈംബ്രാഞ്ച് നല്‍കുന്ന വിവരം.