Kerala

റിമാന്‍ഡ് പ്രതികള്‍ക്ക് കോവിഡ്; വെഞ്ഞാറമ്മൂട്ടിലെ 6 പഞ്ചായത്തുകളെ കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു

അവശ്യസാധനങ്ങളുടെ കടകള്‍ക്ക് മാത്രമേ പ്രവര്‍ത്തനാനുമതിയുള്ളൂ. ആദ്യ ഘട്ടത്തില്‍ നിരീക്ഷണത്തില്‍ പോയ 16 പൊലീസുകാരുടെ പരിശോധനാ ഫലം നെഗറ്റീവായി

വെഞ്ഞാറമ്മൂട് മൂന്ന് റിമാന്‍ഡ് പ്രതികള്‍ക്ക് കോവിഡ് ബാധിച്ച സാഹചര്യത്തില്‍ പ്രദേശത്തെ 6 പഞ്ചായത്തുകളെ കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു. അവശ്യസാധനങ്ങളുടെ കടകള്‍ക്ക് മാത്രമേ പ്രവര്‍ത്തനാനുമതിയുള്ളൂ. ആദ്യ ഘട്ടത്തില്‍ നിരീക്ഷണത്തില്‍ പോയ 16 പൊലീസുകാരുടെ പരിശോധനാ ഫലം നെഗറ്റീവായി.

വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷനില്‍ പിടിയിലാണ് മൂന്ന് പ്രതികള്‍ക്ക് രണ്ട് ഘട്ടമായി കോവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവര്‍ക്ക് എവിടെ നിന്നാണ് രോഗം പകര്‍ന്നതെന്ന വ്യക്തത ഇനിയും ഉണ്ടായിട്ടില്ല. വെഞ്ഞാറംമൂട് പൊലീസ് സ്റ്റേഷനിലെ 45 പൊലീസുകാരുള്‍പ്പെടെ രോഗികളുമായി സമ്പര്‍ക്കത്തിലായ 200 പേരെ വിവിധ സ്ഥലങ്ങളിലായി ക്വാറന്‍റൈനില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതില്‍ ആദ്യ ഘട്ടത്തില്‍ നിരീക്ഷണത്തില്‍ പോയ 32 പൊലീസുകാരില്‍ 16 പേരും പരിശോധന ഫലം ഇന്നും വന്നും. 16 പേരുടെയും ഫലം നെഗറ്റീവാണ്. മറ്റുള്ളവരുടെ ഫലം വരും ദിവസങ്ങളില്‍ ലഭിക്കും. പ്രദേശത്ത് സാമൂഹിക വ്യാപനം തടയുന്നതിന്‍റെ ഭാഗമായി 6 പഞ്ചായത്തുകളെ കണ്ടയിന്‍മെന്‍റ് സോണായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു.

വാമനപുരം, പുല്ലംപാറ, നെല്ലനാട്, പുളിമാത്ത്, മുദക്കാല്‍, മാണിക്കല്‍ എന്നീ പഞ്ചായത്തുകളാണ് കണ്ടെയിന്‍മെന്‍റ് സോണുകള്‍. മെഡിക്കല്‍ സ്റ്റോറുകള്‍ അവശ്യസാധനങ്ങളുടെ കടകള്‍ എന്നിവ മാത്രമേ തുറക്കാവൂ. ആരോഗ്യ ആവശ്യങ്ങള്‍, പരീക്ഷ, അവശ്യസാധനങ്ങള്‍ വാങ്ങല്‍ എന്നിവക്കേ യാത്ര അനുവദിക്കൂ. മറ്റു യാത്രകള്‍ പൂര്‍ണമായി വിലക്കും. ഈ പ്രദേശങ്ങളില്‍ കൂടുതല്‍ പേരുടെ സ്രവങ്ങള്‍ പരിശോധനക്ക് വിധേയമാക്കാനും തീരുമാനിച്ചിട്ടുണ്ട്. എല്ലാ ദിവസവും സ്ഥിതി വിവരം റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറോടും ആവശ്യപ്പെട്ടിട്ടുണ്ട്.