Kerala

സംസ്ഥാനത്ത് സമ്പര്‍ക്ക രോഗബാധ കൂടുന്നു; തിരുവനന്തപുരത്ത് ആറുപേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല

തിരുവനന്തപുരത്ത് 10 ദിവസത്തിനിടെ റിപ്പോർട്ട് ചെയ്ത കേസുകളിൽ 10 എണ്ണം സമ്പർക്കത്തിലൂടെ പകർന്നവയാണ്. സമൂഹവ്യാപനഭീഷണിയുടെ വക്കിലാണോ എന്ന ആശങ്ക തലസ്ഥാനത്ത് ശക്തമാണ്.

സമ്പർക്കത്തിലൂടെയുള്ള കോവിഡ് കേസുകൾ വർധിച്ചതിന്‍റെ ആശങ്കയിലാണ് തിരുവനന്തപുരം ജില്ല. 10 ദിവസത്തിനിടെ റിപ്പോർട്ട് ചെയ്ത കേസുകളിൽ 10 എണ്ണം സമ്പർക്കത്തിലൂടെ പകർന്നവയാണ്. ഇതിൽ ആറുപേരുടെ കാര്യത്തിൽ ഉറവിടം വ്യക്തമല്ല.

ഈ മാസം 9 മുതൽ ഇന്നലെ വരെ 41 പേർക്കാണ് തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ പത്തുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇന്നലെ രോഗം സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവർ ഉൾപ്പെടെ ആറു പേർക്ക് രോഗം പകർന്നത് എങ്ങനെയെന്ന് വ്യക്തമല്ല.

മെഡിക്കൽ കോളജിലെ നഴ്‌സിംഗ് അസിസ്റ്റന്‍റ്, കാട്ടാക്കടയിലെ ആശാ വർക്കർ, പാപ്പനംകോട് ഡിപ്പോയിലെ കെഎസ്ആര്‍ടിസി ഡ്രൈവർ, മണക്കാട്ടെ മൊബൈൽ ഷോപ്പുടമ എന്നിവരുടെ കാര്യത്തിലും ഉറവിടം അറിയില്ല. 15ന് മരിച്ച വഞ്ചിയൂർ സ്വദേശി രമേശനും എവിടെ നിന്ന് രോഗം ബാധിച്ചു എന്ന് അവ്യക്തം.

നേരത്തെ റിപ്പോർട്ട് ചെയ്ത ചില കേസുകളിലും ഉറവിടം അവ്യക്തമാണ്. മരിച്ച വൈദികൻ, ആനാട് സ്വദേശി എന്നിവരുടെ കാര്യത്തിലെല്ലാം ഈ പ്രതിസന്ധിയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സമൂഹവ്യാപനഭീഷണിയുടെ വക്കിലാണോ എന്ന ആശങ്ക തലസ്ഥാനത്ത് ശക്തമാണ്.

കണ്ണൂരില്‍ അതീവ ജാഗ്രത തുടരുന്നു

കണ്ണൂർ ജില്ലയിലും വീണ്ടും സമ്പർക്കത്തിലൂടെ കോവിഡ് ബാധ. മാലൂർ സ്വദേശിക്കാണ് രോഗം ബാധിച്ചത്. ജില്ലയിലെ ഏഴ് തദ്ദേശ സ്ഥാപനങ്ങളെ കൂടി ഹോട്ട്സ്പോട്ട് പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കണ്ണൂർ നഗരത്തിൽ അതീവ ജാഗ്രത തുടരുകയാണ്.

മാലൂര്‍ സ്വദേശിയായ 53കാരനാണ് ജില്ലയിൽ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. നേരത്തെ കോവിഡ് സ്ഥിരീകരിച്ച മുഴക്കുന്ന് സ്വദേശിയുടെ സമ്പർക്കപ്പട്ടികയിലുള്ളയാളാണ് ഇയാൾ. കണ്ണൂർ വിമാനത്താവളത്തിലെ സി.ഐ.എസ്.എഫ് ജീവനക്കാരനും രോഗം സ്ഥിരീകരിച്ചു. ഹരിയാന സ്വദേശിയായ ഇയാൾ ജൂൺ ഏഴിന് നാട്ടിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന കണ്ണൂര്‍ കോർപ്പറേഷൻ സ്വദേശിക്കും തലശ്ശേരി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. നാല് പേർ വിദേശത്ത് നിന്ന് വന്നവരാണ്. കൂത്തുപറമ്പ്, മുഴപ്പിലങ്ങാട്, പെരളശേരി, അലവിൽ സ്വദേശികളാണ് വിദേശത്ത് നിന്ന് എത്തിയവർ. 332 പേർക്കാണ് ഇതുവരെ കണ്ണൂർ ജില്ലയില്‍ കോവിഡ് ബാധിച്ചത്. 20 പേർ കൂടി ആശുപത്രി വിട്ടു. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 224 ആയി.

സമ്പർക്കത്തിലൂടെയുള്ള കോവിഡ് കേസുകൾ വർധിച്ചതോടെ കണ്ണൂരിൽ ഏർപ്പെടുത്തി കടുത്ത നിയന്ത്രണം തുടരുകയാണ്. ചപ്പാരപ്പടവ്, ഇരിക്കൂർ, കാങ്കോൽ- ആലപ്പടമ്പ്, കീഴല്ലൂർ, മാടായി, രാമന്തളി, പടിയൂർ എന്നീ പഞ്ചായത്തുകളെ കൂടി ഹോട്ട്സ്പോട്ട് പരിധിയിൽ ഉൾപ്പെടുത്തി. ഇതോടെ കണ്ണൂർ ജില്ലയിലെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 34 ആയി. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായ മാലൂര്‍ പഞ്ചായത്തിലെ 3, 12 വാര്‍ഡുകള്‍ പൂര്‍ണമായും അടച്ചിടാനും ജില്ലാ കലക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്

വിവിധ പരീക്ഷകള്‍ നടക്കുന്നതിനാല്‍ ഈ ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൌണ്‍ ഇല്ല

സംസ്ഥാനത്ത് ഇന്നലെ 118 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 67പേർ വിദേശത്തു നിന്നും 45 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 6 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 96 പേർ പുതുതായി രോഗവിമുക്തി നേടി. വിവിധ പരീക്ഷകള്‍ നടക്കുന്നതിനാല്‍ ഈ ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൌണ്‍ ഇല്ല.

മലപ്പുറം 18, കൊല്ലം 17, ആലപ്പുഴ 13, എറണാകുളം 11 എന്നിങ്ങനെയാണ് പുതിയ പൊസിറ്റീവ് കേസുകൾ. പാലക്കാട് 10 പേര്‍ക്കും, പത്തനംതിട്ടയിൽ 9 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ 8 വീതവും, കോട്ടയത്ത് 7ഉം കേസുകൾ റിപ്പോർട്ട് ചെയ്തു. കോഴിക്കോട് ജില്ലകളിൽ 6 പേര്‍ക്കും, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ 4 പേര്‍ക്ക് വീതവും, ഇടുക്കി 2 പേര്‍ക്കും, തൃശൂരിൽ ഒരാൾക്കും പുതുതായി രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 3 പേര്‍ക്കും കണ്ണൂര്‍, കോട്ടയം, വയനാട് ജില്ലകളിലെ ഒരാള്‍ക്ക് വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 96 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 1380 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,509 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. പുതുതായി 7 ഹോട്ട് സ്‌പോട്ടുകൾ പ്രഖ്യാപിച്ചു. കണ്ണൂര്‍ ജില്ലയിലെ ചപ്പാരപ്പടവ്, ഇരിക്കൂര്‍, കാങ്കോല്‍-ആലപ്പടമ്പ്, കീഴല്ലൂര്‍, മാടായി, രാമന്തളി, പടിയൂര്‍ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. കണ്ണൂര്‍ ജില്ലയിലെ കുറ്റ്യാട്ടൂര്‍, മയ്യില്‍, പാട്യം എന്നിവയെയാണ് ഹോട്ട്സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയത്.