India Kerala

കണ്‍സ്യൂമര്‍ഫെഡ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍

കണ്‍സ്യൂമര്‍ഫെഡും ഡോ. പടിയാര്‍ മെമ്മോറിയല്‍ ഹോമിയോപതിക് മെഡിക്കല്‍ കോളേജും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവ്. സുപ്രീംകോടതി വിധി തെറ്റായി വ്യാഖ്യാനിച്ച് കണ്‍സ്യൂമര്‍ഫെഡ് വിവരങ്ങള്‍ നിഷേധിച്ചതിനെ ചോദ്യം ചെയ്ത് നല്‍കിയ പരാതിയിന്മേലാണ് കമ്മീഷന്‍ വ്യക്തത വരുത്തിയിരിക്കുന്നത്.

സര്‍ക്കാരില്‍ നിന്നും ഗണ്യമായ ധനസഹായം ലഭിക്കുന്ന സഹകരണ സ്ഥാപനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്നും മുഖ്യ വിവിരാവകാശ കമ്മീഷണര്‍ വ്യക്തമാക്കി. സര്‍ക്കാരില്‍ നിന്നും ഗണ്യമായ ധനസഹായം ലഭിക്കാത്ത സഹകരണ ബാങ്കുകളും സ്ഥാപനങ്ങളും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നതാണ് സുപ്രീം കോടതി ഉത്തരവ്.

സാമ്പത്തിക സഹായം ഗണ്യമാണെന്നും അത് ജനങ്ങളുടെ നികുതി പണത്തില്‍നിന്നുമാണെന്നതിനാല്‍ പൊതുജനത്തിന് ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കാന്‍ അവകാശമുണ്ടെന്ന് കമ്മീഷന്‍ കണ്ടെത്തി. ഹരജിക്കാരന്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ 20 ദിവസത്തിനകം കണ്‍സ്യൂമര്‍ഫെഡ് നല്‍കണമെന്നും മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സെന്റ് എം പോള്‍ നിര്‍ദ്ദേശിച്ചു. ഇത്തരത്തിലുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും പുതിയ ഉത്തരവ് ബാധകമാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.