കൊവിഡ് രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ മരുന്ന് വിതരണ രംഗത്തേയ്ക്ക് കൺസ്യൂമർ ഫെഡും. പൊതു വിപണിയിൽ 637 രൂപയോളം വില വരുന്ന മരുന്നുകളാണ് 200 രൂപയ്ക്ക് നീതി മെഡിയ്ക്കൽ സ്റ്റോറുകൾ വഴി കൺസ്യൂമർ ഫെഡ് നൽകുന്നത്. കൊവിഡാനന്തര ചികിത്സയ്ക്കുള്ള കിറ്റും ഉടൻ വിൽപ്പനയ്ക്ക് എത്തുമെന്നും കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബൂബ് പറഞ്ഞു.
കൊവിഡ് ബാധിതർക്ക് ചികിത്സയ്ക്കുള്ള മരുന്നുകൾ, മാസ്‌കുകൾ, സാനിറ്റൈസർ, ഗ്ലൗസ് തുടങ്ങി പത്ത് ഉത്പന്നങ്ങളാണ് മെഡിക്കൽ കിറ്റിലുള്ളത്. പൊതു വിപണിയിലേക്കാൾ വളരെ കുറഞ്ഞ വിലയിലാണ് കൺസ്യൂമർ ഫെഡിന്റെ മരുന്ന് ലഭിക്കുക. ആദ്യഘട്ടത്തിൽ 78 നീതി മെഡിയ്ക്കൽ സ്റ്റോറുകളിലാണ് വിൽപ്പന. അടുത്ത ആഴ്ച്ചയോടെ കൺസ്യൂമർ ഫെഡിന്റെ കീഴിലുള്ള പ്രാഥമിക സഹകരണ സംഘങ്ങൾ വഴിയും മരുന്ന് വിതരണം ചെയ്യും. 3000 കിറ്റുകൾ വിൽപ്പനയ്ക്കായി ഷോപ്പുകളിൽ എത്തിച്ചിട്ടുണ്ട്.
വിദഗ്ധരടങ്ങുന്ന മെഡിക്കൽ സംഘത്തിന്റെ നിർദേശ പ്രകാരമാണ് കൊവിഡിന് ശേഷം പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായുള്ള ചികിത്സാ കിറ്റ് തയ്യാറാക്കുന്നത്. കൺസ്യൂമർ ഫെഡിന് കീഴിലെ ഷോപ്പുകളിൽ 48 കോടി രൂപയുടെ പലവ്യഞ്ജനങ്ങളും മറ്റ് ഭക്ഷ്യ സാധനങ്ങളും സ്റ്റോക്കുണ്ടന്നും ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ നിന്ന് ഉൾപ്പെടെ കൂടുതൽ സാധനങ്ങൾ എത്തിയ്ക്കുമെന്നും കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബൂബ് വ്യക്തമാക്കി.