Kerala

പാലം തകരാന്‍ കാരണം ബീമിന് കൊടുത്ത താങ്ങ് ഇളകിയതെന്ന് കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ റിപ്പോര്‍ട്ട്

തലശേരി – മാഹി ബൈപാസില്‍ നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്റെ ബീമുകള്‍ തകര്‍ന്ന സംഭവത്തില്‍ ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടര്‍ക്ക് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ബീമിന് കൊടുത്ത താങ്ങ് ഇളകിയതാണ് അപകട കാരണമെന്നും നിര്‍മാണത്തില്‍ അപാകത ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പാലത്തിന്‍റെ ബീമുകള്‍ തകര്‍ന്നതിന് തൊട്ട് പിന്നാലെ ബൈപാസിന്‍റെ കരാര്‍ ഏറ്റെടുത്ത ഇ.കെ.കെ കണ്‍സ്ട്രക്ഷന്‍ കമ്പനിയോട് ദേശീയപാത അതോറിറ്റി വിശദീകരണം ചോദിച്ചിരുന്നു. പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ബീമുകള്‍ പരസ്പരം ബന്ധിപ്പിക്കുന്ന താങ്ങിന് ഇളക്കം സംഭവിച്ചതാണ് അപകട കാരണമെന്നായിരുന്നു കമ്പനിയുടെ വിശദീകരണം.

ഇന്ന് രാവിലെ ദേശീയ പാത അതോറിറ്റി പ്രൊജക്ട് ഡയറക്ടറുടെ നേതൃത്വത്തിലുളള വിദഗ്ധ സംഘം അപകട സ്ഥലം പരിശോധിച്ചു. തുടര്‍ന്നാണ് റീജണല്‍ ഡയറക്ടര്‍ക്ക് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ബീമിന് കൊടുത്ത താങ്ങ് ഇളകിയതാണ് അപകട കാരണമെന്ന നിര്‍മാണ കമ്പനിയുടെ വിശദീകരണം ശരിവെക്കുന്ന റിപ്പോര്‍ട്ടാണ് പ്രൊജക്ട് ഡയറക്ടറും നല്‍കിയിട്ടുളളത്.

നിര്‍മാണത്തില്‍ അപാകതയില്ലെന്നും തകര്‍ച്ചയുടെ ആഘാതത്തില്‍ തൂണുകള്‍ക്ക് ബലക്ഷയം സംഭവിച്ചിട്ടുണ്ടോ എന്ന പരിശോധനക്ക് ശേഷം മാത്രമേ നിര്‍മാണ പ്രവര്‍ത്തികള്‍ പുനരാരംഭിക്കാന്‍ കഴിയൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതിനിടെ നിര്‍മാണത്തിലെ അഴിമതിയാണ് പാലം തകരാന്‍ കാരണമായെതന്ന് കോണ്‍ഗ്രസ് ആരോപിച്ചു. നാളെ സ്ഥലം സന്ദര്‍ശിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേശീയപാത അതോറിറ്റിയുടെ തലശേരി ഓഫീസിന് മുന്നില്‍ ഉപരോധ സമരവും സംഘടിപ്പിച്ചു.