ചാത്തന്നൂർ സ്വദേശികളായ അബിന്റെയും ദേവികയുടെയും വിവാഹമാണ് സമൂഹമാധ്യമങ്ങളൊൽ ശ്രദ്ധ നേടുന്നത്. വിവാഹത്തിനെത്തിയവർക്കും കൗതുകമായി കല്ല്യാണ കാഴ്ചകൾ.വിവാഹപന്തലിലേക്ക് കയറുന്ന കവാടത്തിന് മുന്നിൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം. പന്തലിലെ മണ്ഡപത്തിന് പിന്നിൽ അംബേദ്ക്കറും നെഹ്റുവും പിന്നെ ഭരണഘടനയും.(constitution nehru and ambedkar in kollam wedding reception)
ഇന്ത്യയിലെ ആദ്യ സമ്പൂർണ സാക്ഷരത പ്രോജക്ട് സിറ്റിസൺ 22 ന്റെ ഭാഗമായി കൊല്ലം ജില്ലയിൽ പ്രവർത്തിച്ചവരാണ് ഇരുവരും. ഭരണഘടന സെനറ്റർമാരുടെ ക്ലാസിനിടയിലാണ് രണ്ടുപേരും കണ്ടുമുട്ടുന്നത്. പരിചയം സ്നേഹമായി അത് പ്രണയമായി.വിവാഹത്തിലുമെത്തി.
വിവാഹത്തിന് എത്തിയവർക്കെല്ലാം ഭരണഘടനാ തത്വങ്ങളും അവകാശങ്ങളും വിശദമാക്കുന്ന ലഘുലേഖകളും വിതരണം ചെയ്തു. വിവാഹ ക്ഷണകത്തിലുമുണ്ടായിരുന്നു അംബേക്കറും നെഹ്റുവും. വിവാഹം ഇങ്ങനെ നടത്താനുള്ള ദേവികയുടെയും അബിയുടെയും ആഗ്രഹം അറിയിച്ചപ്പോൾ വീട്ടുകാരും ഒപ്പം നില്‍ക്കുകയായിരുന്നു.
ചാത്തന്നൂർ സ്വദേശികളായ ദേവികയും അബിയുമാണ് വധു വരൻമാർ. വര്‍ഷങ്ങളായി ഭരണഘടനാ മൂല്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്ന ആളുകളായിരുന്നു തങ്ങളെന്നും വാക്കും പ്രവൃത്തിയും രണ്ട് ദിശയിലാവരുതെന്ന ആഗ്രഹം കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നും അബി പറയുന്നു.
കുടുംബ ജീവിതത്തില്‍ തന്നെ മാതൃക കാണിച്ചാല്‍ മാത്രമേ എല്ലാവരിലേക്കും ആ സന്ദേശം എത്തിക്കാന്‍ സാധിക്കൂവെന്നും അബി വിശ്വസിക്കുമ്പോള്‍ ഭരണഘടനാ മൂല്യങ്ങള്‍ സ്വഭാവത്തിലും വെച്ചുപുലര്‍ത്തുന്ന അബിയുടെ സ്വഭാവമാണ് തന്നെ കൂടുതല്‍ ആകൃഷ്ടയാക്കിയതെന്ന് ദേവിക കൂട്ടിച്ചേര്‍ത്തു.