Kerala

ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന; മുൻ‌കൂർ ജാമ്യം തേടി നടന്‍ ദിലീപ്; കൂടുതൽ തെളിവുകൾ സമർപ്പിച്ച് പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മുൻ‌കൂർ ജാമ്യം തേടി നടന്‍ ദിലീപ്. കേസില്‍ ദിലീപ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോടതി പരിഗണിക്കുന്നത്. ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വാദം പുരോഗമിക്കുന്നു.

പ്രോസിക്യൂഷൻ നടപടികളെ എതിർത്ത് ജാമ്യാപേക്ഷയിൽ ദിലീപ്. ദിലീപിന് എതിരായ വാദങ്ങൾ ഗൗരവതരമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. കേസിന്റെ ഗൗരവം പരിഗണിച്ച് ഹൈക്കോടതിയിൽ പ്രത്യേക സിറ്റിംഗ്. കേസ് പരിഗണിക്കുന്നത് ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ചാണ്. ഗൂഢാലോചനയുമായി ബന്ധപ്പെട്ട നിയമവശങ്ങൾ കോടതി പരിശോധിക്കുന്നു. കൂടുതൽ തെളിവുകൾ പ്രോസിക്യൂഷൻ സമർപ്പിച്ചു.

ദിലീപിന് പുറമെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി എന്‍. സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ആലുവ സ്വദേശിയായ ഹോട്ടലുടമ ശരത് എന്നിവരുടെ മുന്‍കൂര്‍ ജാമ്യം ഹര്‍ജിയും ഇന്ന് കോടതിയുടെ മുന്നിലുണ്ട്.പ്രത്യേക സിറ്റിങ് നടത്തിയാണ് ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്.

അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി ബിജു കെ പൗലോസ്, ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്പി കെ എസ് സുദര്‍ശന്‍ ഉള്‍പ്പടെയുള്ള അന്വേഷണ ഉദ്യോഗസ്ഥരെയും പള്‍സര്‍ സുനിയെയും അപായപ്പെടുത്താന്‍ ദിലീപ് പദ്ധതിയിട്ടു എന്നതായിരുന്നു നിലവിലെ കേസ്. ബൈജു കെ പൗലോസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

പൊലീസ് രജിസ്റ്റര്‍ ചെയ്ത പുതിയ ഗുഢാലോചന കേസ് കെട്ടിചമച്ചതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് മുന്‍കൂര്‍ ജാമ്യം തേടിയത്. പുതിയ കേസ് കെട്ടിച്ചമച്ച വിസ്താരം നീട്ടിവെക്കാന്‍ ആണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത് എന്നും ദിലീപ് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ പ്രതി ചേര്‍ത്തതെന്നാണ് പ്രോസിക്യൂഷന്‍ വാദം.

ദിലീപിന് മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ വ്യക്തമാക്കി.നടിയെ ആക്രമിച്ച സംഭവത്തില്‍ മുഖ്യ സൂത്രധാരനാണ് ദിലീപ് എന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. ഒരോ ഘട്ടത്തിലും കേസ് അട്ടിമറിക്കാന്‍ ദിലീപ് ശ്രമിച്ചിരുന്നു, ഇതിന് പുറമെ അസാധാരണ നീക്കങ്ങളും ദിലീപിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു എന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നു.