Kerala

ഗൂഢാലോചന കേസ്; ദിലീപിന്റെ അറസ്റ്റിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ തുടരും; ചോദ്യം ചെയ്യലിനൊ, പരിശോധനകൾക്കോ വിലക്കില്ല

അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന കേസിൽ ദിലീപിന്റെ അറസ്റ്റിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ തുടരും. ദിലീപിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. ദിലീപിന്റേത് അടക്കം ആറ് പ്രതികളുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി പരിഗണിക്കുന്നത് വെള്ളിയാഴ്ച്ചത്തേക്ക് മാറ്റിയത്.

പ്രതികളെ വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യാൻ സാധിക്കില്ല. ചോദ്യം ചെയ്യലിനൊ, പരിശോധനകൾക്കോ, റെയ്‌ഡിനോ ഒരു തരത്തിലുള്ള വിലക്കും കോടതി ഏർപ്പെടുത്തിയിട്ടില്ല. കസ്റ്റഡിയിൽ എടുക്കുന്നതിനും ചോദ്യം ചെയ്യുന്നതിനും തടസങ്ങളില്ല. അറസ്റ്റ് ചെയ്യുന്നതിനുള്ള തടസം മാത്രമാണ് നിലവിലുള്ളത്. അത് പ്രോസിക്യൂഷൻ തന്നെ കോടതിയെ അറിയിച്ചതാണ്. ഇതിൽ നിന്നും വ്യകതമാകുന്നത് കൂടുതൽ തെളിവുകൾ കണ്ടെത്താനും വിവരങ്ങൾ ശേഖരിക്കാനും കൂടുതൽ റെയ്‌ഡ്‌ ഉൾപ്പെടെയുള്ളവ ഇനിയും നടക്കും എന്നതാണ്.

കൂടാതെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലെ ‘വിഐപി’ ശരത് ജി നായർ തന്നെയെന്ന് സ്ഥിരീകരണം. പ്രതി ദിലീപിന്റെ സുഹൃത്താണ് അങ്കമാലി സൂര്യ ഹോട്ടൽസ് ഉടമയായ ശരത് ജി നായർ.

ആലുവ സ്വദേശി ശരത് ജി നായരെ കേസിൽ പ്രതി ചേർക്കാൻ തീരുമാനിച്ചിരിക്കുകയാണ് ക്രൈംബ്രാഞ്ച്. ശര്ത്തിന്റെ ജീവനക്കാരുടെ ഫോണിലെ ശബ്ദ സാമ്പിളുകൾ ക്രൈംബ്രാഞ്ച് പരിശോധിച്ചു. ബാലചന്ദ്രകുമാർ നൽകിയ ഓഡിയോ ക്ലിപ്പിലെ ശബ്ദം ശരത്തിന്റേതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.

ഇന്നലെ ദിലീപിന്റെ സഹോദരീ ഭർത്താവിന്റെ ഫഌറ്റിലും ശരത് ജി നായരുടെ വസതിയിലും നടത്തിയ റെയ്ഡിൽ സിം കാർഡികളും മൊബൈൽ ഫോണുകളും മെമ്മറി കാർഡുകളും ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തിരുന്നു. ഒപ്പം ദിലീപും ശരതും തമ്മിലുള്ള ബിസിനസ് ഇടപാടുകളുടെ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഇരുവരും തമ്മിലുള്ള സ്ഥലമിടപാട് സംബന്ധിച്ച വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രനും സിഐ വർഗീസ് അലക്‌സാണ്ടറുമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. കേസുമായി ബന്ധപ്പെട്ട് സൂര്യ ഹോട്ടൽസ് ഉടമയായ ശരത്തിനെ അന്വേഷണ സംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. എന്നാൽ ശരത് ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.