വധഗൂഡാലോചനാക്കേസിൽ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയിൽ ഉത്തരവ് ഇന്ന്. പ്രോസിക്യൂഷന് ഏറെ നിർണായകമായ ഹർജിയിൽ ഉച്ചയ്ക്ക് 1.45നാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി പറയുക. കേസ് റദ്ദാക്കിയാൽ ദിലീപിന് ആശ്വാസവും അന്വേഷണ സംഘത്തിന് തിരിച്ചടിയുമാകും. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ ആപായപ്പെടുത്താൻ ദിലീപും ബന്ധുക്കളും ഗൂഡാലോചന നടത്തിയെന്ന കേസിനെ കേന്ദ്രീകരിച്ചാണ് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവും നടക്കുന്നത്.
നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് സമയം നീട്ടി നൽകണമെന്ന പ്രോസിക്യൂഷന്റെ അപേക്ഷയിലും ഇന്ന് തീരുമാനമുണ്ടാകും. കേസിൽ ദിലീപിന്റെ സഹോദരനയേും സഹോദരി ഭർത്താവിനെയും ഇന്ന് പൊലീസ് ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് ആലുവ പൊലീസ് ക്ലബിൽ വച്ചാകും ചോദ്യം ചെയ്യൽ. കഴിഞ്ഞ ബുധനാഴ്ച ഇവർക്ക് നോട്ടിസ് നൽകിയെങ്കിലും ഇരുവരും അസൗകര്യം അറിയിച്ചിരുന്നു. തുടർന്നാണ് ഇന്ന് രാവിലെ 11 മണിക്ക് ആലുവ പൊലീസ് ക്ലബ്ബിൽ ഹാജരാകാൻ വീണ്ടും നോട്ടിസ് നൽകിയത്.
നടിയെ ആക്രമിച്ച കേസിൽ ആദ്യമായിട്ടാണ് ഇരുവരെയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ഇവരെ നേരത്തെ ചോദ്യം ചെയ്തിരുന്നു. സംവിധായകൻ ബാലചന്ദ്രകുമാർ അനൂപിന്റെയും, സുരാജിന്റെയുമായി പുറത്ത് വിട്ട ഓഡിയോ റെക്കോർഡിലെ വിവരങ്ങൾ അറിയാനും, ദിലീപിനെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച കാര്യങ്ങളിലെ വ്യക്തതയ്ക്കുമാണ് ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്.