Kerala

കിഫ്ബിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന നടത്തുന്നു : തോമസ് ഐസക്ക്

കിഫ്ബിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന നടത്തുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കോൺഗ്രസും ബിജെപിയും കേന്ദ്ര സർക്കാർ ഒത്താശയോടെ ഗൂഢാലോചന നടത്തി. ഇതിന്റെ ഭാഗമാണ് ഹൈക്കോടതിയിലെ മൂന്നാമത്തെ കേസെന്നും തോമസ് ഐസക്ക് ആരോപിച്ചു.

ബിജെപിക്കാരൻ നൽകിയ കേസിന്റെ വക്കാലത്ത് കെപിസിസി സെക്രട്ടറി മാത്യു കുഴൽ നാടനാണെന്നും തോമസ് ഐസക്ക് പറഞ്ഞു. വായ്പയെടുക്കൽ ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. വായ്പയെടുക്കുന്നത് ഭരണഘടനാ വിരുദ്ധമാണോയെന്നതിന് പ്രതിപക്ഷ നേതാവ് ഉത്തരം പറയണമെന്നും തോമസ് ഐസക്ക് പറഞ്ഞു.

സിആന്റ്എജിയെ കേരളത്തിന്റെ വികസന പദ്ധതികളെ തുരങ്കം വയ്ക്കാൻ ഉപയോഗിക്കുന്നുവെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നിർമ്മാണ പദ്ധതികളെ അട്ടിമറിക്കാൻ ശ്രമിക്കുന്നു. സംസ്ഥാനത്തിന്റെ അധികാരം കവർന്നെടുക്കാനുള്ള കേന്ദ്ര ശ്രമത്തിന് പ്രതിപക്ഷ നേതാവിന്റെ പിന്തുണയുണ്ടെന്നും തുറന്നടിച്ച ധനമന്ത്രി സിആന്റ് എജിയുടെ ഓഫിസും പ്രതിപക്ഷ നേതാവിന്റെ ഓഫിസിലുള്ളവരും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും പറഞ്ഞു. സി ആന്റ് എജിക്ക് അയക്കുന്ന കത്തുകൾ ചോരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.