ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി താഴെത്തട്ടിൽ പ്രവർത്തനം ശക്തമാക്കാൻ കോൺഗ്രസ്. ബൂത്ത് തലത്തിൽ കമ്മിറ്റികൾ രൂപീകരിച്ചു. സിപിഐഎം മാതൃകയിൽ വോട്ടർപട്ടിക പരിശോധിച്ച് ഉറപ്പാക്കാൻ കമ്മിറ്റികൾക്ക് നിർദ്ദേശം നൽകി.
ഓരോ ബൂത്ത് കമ്മിറ്റികളിലും പ്രത്യേകം സമിതികൾ രൂപീകരിച്ച് പ്രാദേശികതലത്തിൽ ചുവടുറപ്പിക്കാൻ ആണ് കോൺഗ്രസിന്റെ നീക്കം. ഇതിൻറെ ഭാഗമായി ബൂത്ത് തലത്തിൽ നാലങ്ക സമിതികൾക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നൽകി. വോട്ടർപട്ടിക പരിശോധിച്ച് ഉറപ്പുവരുത്താനും ബൂത്ത് തലത്തിൽ കുടുംബയോഗങ്ങൾ ഉൾപ്പെടെ വിളിച്ച് പ്രാദേശിക തലത്തിൽ തെരഞ്ഞെടുപ്പ് ഏകോപിപ്പിക്കേണ്ട പൂർണ്ണ ചുമതല ഈ സമിതികൾക്കായിരിക്കും.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള വാർ റൂമുകളുടെ പ്രവർത്തനം ഇന്നുമുതൽ ആരംഭിക്കാനാണ് കെപിസിസി നിർദേശം. വരും ദിവസങ്ങളിൽ ബൂത്ത് തല ഭാരവാഹികൾക്കായി ബ്ലോക്ക് തലത്തിൽ പ്രത്യേക പരിശീലന പരിപാടികൾ ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ആരംഭിക്കും. പ്രതിപക്ഷ നേതാവിന്റെ ജില്ലാപരിടനം പൂർത്തിയായ ശേഷം ഇതുവരെയുള്ള തെരഞ്ഞെടുപ്പുരുക്കങ്ങൾ കെപിസിസി വിലയിരുത്തും.