Kerala

‘അഴിമതിയില്‍ മുങ്ങിക്കുളിച്ച, ബിജെപി ഭരണം ജനങ്ങള്‍ക്ക് മടുത്തു’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് വിജയം ഉറപ്പെന്ന് കെ സി വേണുഗോപാല്‍

കര്‍ണാടകയില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന ആത്മവിശ്വാസത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് കോണ്‍ഗ്രസ് കാഴ്ചവച്ചത് ചിട്ടയോടെയുള്ള പ്രവര്‍ത്തനമാണ്. അഴിമതിയില്‍ മുങ്ങിക്കുളിച്ച്, ജനങ്ങള്‍ക്ക് മടുത്ത ഭരണമാണ് ബിജെപിയുടേതെന്ന് കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങളില്‍ ആദ്യ അഞ്ചെണ്ണം ആദ്യ ക്യാബിനറ്റില്‍ തന്നെ നടപ്പാക്കുമെന്നും വിജയിക്കാനാകുമെന്ന് കോണ്‍ഗ്രസിന് വലിയ ആത്മവിശ്വാസമുണ്ടെന്നും കെ സി വേണുഗോപാല്‍ 24നോട് പറഞ്ഞു.

കര്‍ണാടകയില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് കാഴ്ചവച്ചത് ചിട്ടയോടെയുള്ള പ്രവര്‍ത്തനമാണ്. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി കര്‍ണാടകയുടെ തെരഞ്ഞെടുപ്പ് ഗോദയിലായിരുന്നു കോണ്‍ഗ്രസ് . തെരഞ്ഞെടുപ്പ് സമയത്തുള്ള പ്രചാരണം എന്ന ശൈലി മാറ്റി നിരന്തരമായ പ്രചാരണം നടത്തി. അഴിമതിയില്‍ മുങ്ങിക്കുളിച്ച്, ജനങ്ങള്‍ക്ക് മടുത്ത ഭരണമാണ് ബിജെപിയുടേത്. കമ്മിഷന്‍ സര്‍ക്കാരാണ് കര്‍ണാടകയിലേതെന്ന് ബിജെപി എംഎല്‍മാരടക്കം പറയുന്നുണ്ട്.

പുതിയ ഗ്യാരണ്ടി കാര്‍ഡുകളാണ് കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് മുന്നില്‍വയ്ക്കുന്നത്. ആദ്യ ക്യാബിനറ്റില്‍ തന്നെ, നല്‍കിയ അഞ്ച് വാഗ്ദാനങ്ങള്‍ നടപ്പിലാക്കും. ഓരോ വീട്ടിലും പത്ത് കിലോഗ്രാം അരി, രണ്ടായിരം രൂപ വീതം സ്ത്രീകള്‍ക്ക്, ഡിഗ്രി-ഡിപ്ലോമ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ കിട്ടുന്നത് വരെ 3500 രൂപ വീതം മാസം, സൗജന്യമായി 200 യൂണിറ്റ് വരെ വൈദ്യുതി, ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര തുടങ്ങിയവയാണിതെന്നും വേണുഗോപാല്‍ പറഞ്ഞു.

135 വരെ സീറ്റ് ബിജെപി അവകാശപ്പെടുമ്പോള്‍ 141 സീറ്റാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. കഴിഞ്ഞ തവണത്തെ 37 സീറ്റ് നിലനിര്‍ത്തുകയാണ് ജെഡിഎസ് ലക്ഷ്യം. മെയ് 13നാണ് കര്‍ണാടകയില്‍ വോട്ടെണ്ണല്‍.