Kerala

“പശ്ചിമ ബംഗാളിൽ കോൺഗ്രസ് സഖ്യം അത്ഭുതം കാഴ്ചവെക്കും”: ബി.കെ ഹരിപ്രസാദ്

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനും ബി.ജെ.പിക്കും എതിരായി ജനവികാരമുണ്ടെന്ന് പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്തമുള്ള കോൺഗ്രസ് നേതാവ് ബി.കെ ഹരിപ്രസാദ്. സംസ്ഥാനത്ത് ത്രികോണ മത്സരമാണ് നടക്കുന്നതെന്നും ജനങ്ങൾ ഇടത് – കോൺഗ്രസ് – ഐ.എസ്.എഫ് സഖ്യത്തിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമല്ലെന്ന ആരോപണം നാഗ്പൂർ യൂണിവേഴ്സിറ്റിയുടെ ഉത്പന്നമാണെന്നും ഹരിപ്രസാദ് പറഞ്ഞു. രാഹുൽ ഗാന്ധി ആദ്യമായി സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നാളെ എത്താനിരിക്കെയാണ് അദ്ദേഹത്തിന്റെ പരാമർശം. ബി.ജെ.പി അധികാരത്തിൽ നിന്നും മാറ്റിനിർത്താൻ തൃണമൂൽ കോൺഗ്രസുമായും കൂട്ടുചേരേണ്ട അവസ്ഥ ഉണ്ടായാൽ അവരെ പിന്തുണക്കുമോ എന്ന ചോദ്യത്തിന് അത് വെറും സാങ്കല്പിക ചോദ്യമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം.

പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിനെ ബി.ജെ.പി യും തൃണമൂൽ കോൺഗ്രസും തമ്മിലുള്ള പോരാട്ടമായി ചിത്രീകരിക്കുന്നത് മാധ്യമ നിർമ്മിതിയാണെന്നും അദ്ദേഹം പറഞ്ഞു. പാവങ്ങളുടെയും അഭയാർഥികളുടെയും സഹായത്തിന് വേണ്ടി ബി.ജെ.പി യോ തൃണമൂൽ കോൺഗ്രസോ ഒന്നും ചെയ്തിട്ടില്ല.അതിനാൽ തന്നെ തങ്ങൾക്ക് അനുകൂലമായ ജനവികാരം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.