Kerala

വടകര സീറ്റിൽ കോൺഗ്രസ് തന്നെ മത്സരിക്കും

ആർ.എം.പിക്ക് നൽകിയ വടകര സീറ്റിൽ കോൺഗ്രസ് തന്നെ മത്സരിക്കും. കെ. കെ രമ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് കോൺഗ്രസ് സീറ്റ് ഏറ്റെടുക്കുന്നത്.

കെ. കെ രമ മത്സരിക്കണമെന്ന ഉപാധിയോടെയാണ് വടകര സീറ്റ് കോൺഗ്രസ് ആർ.എം.പിക്ക് നൽകിയത്. എന്നാൽ, എൻ. വേണുവിനെ മത്സരിപ്പിക്കാനായിരുന്നു ആർ.എം.പിയുടെ നീക്കം. കെ. കെ രമയ്ക്കായി കോൺഗ്രസ് പരമാവധി സമ്മർദം ചെലുത്തിയെങ്കിലും, മത്സരിക്കാനില്ലെന്ന് അവർ വ്യക്തമാക്കിയതോടെ സീറ്റ് ഏറ്റെടുക്കാൻ കോൺഗ്രസ് തീരുമാനിച്ചു. വടകരയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി കോൺഗ്രസ് പ്രതിനിധി ജനവിധി തേടും. ധർമ്മടം സീറ്റ് ഏറ്റെടുക്കാൻ ഇല്ലെന്ന് ഘടകക്ഷിയായ ഫോർവേഡ് ബ്ലോക്കും നിലപാട് അറിയിച്ചു. ഇതോടെ ധർമ്മടത്തും കോൺഗ്രസ് തന്നെയാകും മത്സരിക്കുക.

വട്ടിയൂർക്കാവ്, കുണ്ടറ, പട്ടാമ്പി, നിലമ്പൂർ, തവന്നൂർ, കൽപ്പറ്റ സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കേണ്ടതുണ്ട്. വട്ടിയൂർക്കാവിൽ പി. സി വിഷ്ണുനാഥിനെയാണ് നേതൃത്വം പരിഗണിക്കുന്നത്. കൽപ്പറ്റയിൽ ടി. സിദ്ധിക്കിനും നിലമ്പൂരിൽ വി.വി പ്രകാശിനുമാണ് മുൻഗണന. കുണ്ടറയിൽ കല്ലട രമേശിന്റെ പേരാണ് പരിഗണനയിൽ. പട്ടാമ്പിയിലേക്ക് നേതൃത്വം പരിഗണിക്കുന്ന ആര്യാടൻ ഷൗക്കത്തും തവനൂരിൽ പരിഗണിക്കുന്ന റിയാസ് മുക്കോളിയും മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചു. ഈ മണ്ഡലങ്ങളിൽ ഇന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് ഉദ്ദേശിച്ചതെങ്കിലും തർക്കം തുടരുന്നതിനാൽ തീരുമാനം നാളെയേ ഉണ്ടാകൂ. വടകരയും ധർമ്മടവും കൂടി ഏറ്റെടുക്കുന്നതോടെ കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം 94 ആകും.