Kerala

വട്ടിയൂര്‍കാവിൽ ജ്യോതി വിജയകുമാര്‍ പരിഗണനയില്‍

തര്‍ക്കം തുടരുന്ന ആറ് സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ കോണ്‍ഗ്രസില്‍ തിരക്കിട്ട നീക്കങ്ങള്‍. വട്ടിയൂര്‍കാവില്‍ വീണ്ടും ജ്യോതി വിജയകുമാറിനെ പരിഗണിക്കുകയാണ്. സ്ഥാനാർഥി പട്ടികയിൽ വനിതാ പ്രാതിനിധ്യം കുറഞ്ഞെന്ന ആരോപണം മറികടക്കാനാണ് പുതിയ നീക്കം. ഇതോടെ പി സി വിഷ്ണുനാഥ് കുണ്ടറയിലേക്ക് മാറേണ്ടി വരും.

വട്ടിയൂര്‍കാവില്‍ വനിതാ സ്ഥാനാര്‍ഥിയെന്നതാണ് പുതിയ നിര്‍ദേശം. ഇതോടെ നേരത്തെ പട്ടികയില്‍ നിന്നും പുറത്തായ ജ്യോതി വിജയകുമാറിന്റെ പേര് പരിഗണനയിലേക്ക് വന്നു. പക്ഷേ പ്രാദേശികമായ എതിര്‍പ്പ് എങ്ങനെ മറികടക്കുമെന്ന ചോദ്യം ബാക്കിയാവുന്നു. ഈ നിര്‍ദേശം അംഗീകരിക്കപ്പെട്ടാല്‍ പി സി വിഷ്ണുനാഥിന് കുണ്ടറ നല്‍കും. തവനൂര്‍ വേണ്ടെന്ന് പറഞ്ഞ റിയാസ് മുക്കോളിയാണ് പട്ടാമ്പിയിലേക്ക് പുതുതായി പരിഗണപ്പെടുന്നത്. ഇതോടെ നേരത്തെ ലിസ്റ്റില്‍ നിന്ന് പുറത്തായ ഫിറോസ് കുന്നുംപറമ്പില്‍ വീണ്ടും തവനൂരിലെ സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന. തവനൂരില്‍ ഇ മുഹമ്മദ് കുഞ്ഞിയും പട്ടാമ്പിയില്‍ കെഎസ്ബിഎ തങ്ങളും അവകാശ വാദത്തില്‍ ഉറച്ച് നില്‍ക്കുന്നത് ഇപ്പോഴും നേതൃത്വത്തിന് തലവേദനയായി തുടരുന്നു.

നിലമ്പൂരില്‍ വി വി പ്രകാശും കല്‍പറ്റയില്‍ സിദ്ദിഖും ഏതാണ്ട് സീറ്റ് ഉറപ്പിച്ചു. നിലമ്പൂരിന് വേണ്ടി അവകാശവാദം ഉന്നയിക്കുന്ന ആര്യാടന്‍ ഷൌക്കത്തിന് മറ്റ് പദവികള്‍ നല്‍കി സമവായത്തിലേക്ക് എത്തിക്കാനാണ് ഇപ്പോഴത്തെ നീക്കം.