Kerala

കോൺഗ്രസിന്റെ റോഡ് ഉപരോധ സമരം; അഞ്ച് പേർ അറസ്റ്റിൽ

കോൺഗ്രസിന്റെ റോഡ് ഉപരോധ സമരവുമായി ബന്ധപ്പെട്ട് അഞ്ച് പേർ അറസ്റ്റിൽ. 15 നേതാക്കൾക്കും കണ്ടാലറിയാവുന്ന 50 പേർക്കും എതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അറസ്റ്റ് ചെയ്തവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇനി 60 പേരുടെ അറസ്റ്റ് കൂടിയാണ് കേസിൽ രേഖപ്പെടുത്താനുള്ളത്. നേതാക്കളിൽ ചിലർ സ്റ്റേഷനിൽ നേരിട്ടെത്തുമെന്നാണ് വിവരം.

അതേസമയം, നടൻ ജോജു ജോർജും കോൺഗ്രസും തമ്മിലുള്ള തർക്കം ഒത്തുതീർപ്പിലേക്ക്. പ്രശ്‌നം പരിഹരിക്കാൻ മുതിർന്ന നേതാക്കൾ ചർച്ച നടത്തിയെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. പ്രശ്നം രമ്യമായി തീരുമെന്നാണ് പ്രതീക്ഷയെന്നും പെട്ടെന്നുള്ള പ്രകോപനത്തിൻറെ പേരിലുണ്ടായ തർക്കത്തിലെ കേസ് തുടരാൻ ജോജുവും താത്പര്യം പ്രകടിപ്പിക്കുന്നില്ലെന്നും ഷിയാസ് വ്യക്തമാക്കി. ജോജുവിൻറെ സുഹൃത്തുക്കളും കോൺഗ്രസ് നേതാക്കളും പ്രശ്‍ന പരിഹാരത്തിനായി ചർച്ചകൾ നടത്തിയെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു. ഇതിനിടെ വൈറ്റിലയിൽ ഉപരോധ പ്രതിഷേധത്തിനിടെ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ യൂത്ത് കോൺഗ്രസ് ഖേദം പ്രകടിപ്പിച്ചു. കേന്ദ്രം എക്സൈസ് തീരുവ കുറച്ച സാഹചര്യത്തിൽ ഇന്ധന വില കുറഞ്ഞതോടെ വൈറ്റിലയിൽ യൂത്ത് കോൺഗ്രസ് മധുരം വിതരണം നടത്തിയിരുന്നു. ഇതിനിടെയാണ് വൈറ്റിലയിൽ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ നേതാക്കൾ ഖേദപ്രകടനം നടത്തിയത്.