രാഹുല്‍ ഗാന്ധി കൊല്ലത്തെത്തിയപ്പോള്‍ താമസിച്ച ഹോട്ടല്‍ വാടക അടച്ചില്ലെന്ന ദേശാഭിമാനി വാര്‍ത്ത വ്യാജമെന്ന് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി താമസിച്ച ഹോട്ടലില്‍ വാടകയായി ആറുലക്ഷം രൂപ നല്‍കാനുണ്ടെന്നായിരുന്നു ദേശാഭിമാനി വാര്‍ത്ത. മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം രാഹുല്‍ ഗാന്ധി കടലില്‍ ചാടിയത് കൊല്ലം സന്ദര്‍ശനത്തിനിടെയായിരുന്നു. ഇത് ആസൂത്രിതമായിരുന്നു എന്നും ദേശാഭിമാനി വാര്‍ത്ത പറയുന്നു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, ടി.എം പ്രതാപന്‍ എം.പി എന്നിവരാണ് രഹസ്യമായി രാഹുല്‍ ഗാന്ധിയുടെ കടല്‍ച്ചാട്ടം ആസൂത്രണം ചെയ്തതെന്നും വാര്‍ത്തയില്‍ പറയുന്നു.
പി.ജയരാജന്‍ വാര്‍ത്ത ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. രാഹുല്‍ ഗാന്ധിയുടെ ഹോട്ടല്‍ ബില്ല് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അടച്ചതാണെന്നും വാര്‍ത്ത വ്യാജമാണെന്നും കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് കൊല്ലത്ത് വലിയ തിരിച്ചടിയാണ് ഉണ്ടായത്. രണ്ട് പതിറ്റാണ്ടിന് ശേഷം കൊല്ലത്ത് രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍, മൂന്ന് സീറ്റുകള്‍ വെറും രണ്ടായിരം വോട്ടുകള്‍ക്ക് മാത്രം നഷ്ടം, നാല്‍പ്പതിനായിരവും, മുപ്പതിനായിരവും ഭൂരിപക്ഷം ലഭിച്ചിരുന്ന സ്ഥലങ്ങളിലെ ഭൂരിപക്ഷം ഇപ്പോള്‍ വെറും പതിനായിരം മാത്രം. 11 അസംബ്ലി മണ്ഡലങ്ങളിലും വന്‍ ഭൂരിപക്ഷം നേടിയ എല്‍ഡിഎഫിന്റെ കൊല്ലത്തെ അവസ്ഥ ഇതാണ്. ഇതിന്റെ ക്ഷീണം തീര്‍ക്കാനാണ് രാഹുല്‍ ഗാന്ധിക്കെതിരെ വ്യാജ ആരോപണമുന്നയിക്കുന്നതെന്നും ബിന്ദു കൃഷ്ണ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.