നിയമന വിവാദത്തില്‍ മുഖ്യമന്ത്രിക്ക് കോൺഗ്രസിന്‍റെ മറുപടി. ഉദ്യോഗാർഥികൾ പറയുന്നത് കേൾക്കാതെ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് മുഖ്യമന്ത്രിയെന്ന് ഉമ്മൻചാണ്ടി പ്രതികരിച്ചു. പി.എസ്.സി ഉദ്യോഗാർഥികളുമായി മുഖ്യമന്ത്രി ചർച്ചക്ക് തയ്യാറാവണം. സമരക്കാരുമായി ചർച്ച നടത്തിയാൽ ആരാണ് അവരുടെ കാലുപിടിക്കേണ്ടത് എന്ന കാര്യം മുഖ്യമന്ത്രിക്ക് മനസിലാകുമെന്നും ഉമ്മൻചാണ്ടി കണ്ണൂരിൽ പറഞ്ഞു. ഉദ്യോഗാര്‍ഥികളുടെ കാലില്‍ വീണ് എല്ലാത്തിനും ഉത്തരവാദി താനാണെന്ന് ഉമ്മന്‍ചാണ്ടി പറയണമെന്ന് മുഖ്യമന്ത്രി ഇന്നലെ ആവശ്യപ്പെട്ടിരുന്നു.
മുഖ്യമന്ത്രി പറഞ്ഞത് കള്ളക്കണക്കാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് 4125 നിയമനങ്ങൾ മാത്രമാണ് നടന്നതെന്ന മുഖ്യമന്ത്രിയുടെ വാദം കളവാണ്. ഉദ്യോഗാർഥികൾ നടത്തുന്നത് നീതിക്ക് വേണ്ടിയുള്ള സമരമാണ്. കള്ളക്കണക്കുകൾ കൊണ്ട് അതിനെ നേരിടുന്നത് ദു:ഖകരമാണ്. 5000ൽ ഏറെ അധ്യാപകർക്ക് അഡ്വൈസ് മെമ്മോ നൽകിയിട്ടും നിയമനങ്ങൾ നൽകിയിട്ടില്ല. ഉമ്മൻചാണ്ടി അണോ ഇതിനെല്ലാം ഉത്തരവാദി എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സമരക്കാരോട് ചർച്ചയില്ലാ എന്ന നിലപാട് ഏകാധിപത്യപരമാണ്. പിൻവാതിൽ നിയമനം നടത്തുന്ന സർക്കാരിന് ഓശാന പാടുകയാണ് ഡിവൈഎഫ്ഐ. ഇതേ ഡിവൈഎഫ്ഐ ആണ് മമത സർക്കാരിന്‍റെ പിൻവാതിൽ നിയമനങ്ങൾക്കെതിരെ സമരം ചെയ്യുന്നതെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്..
ഉദ്യോഗാർഥികളുടെ മുന്നിൽ മുട്ടിലിഴയേണ്ടത് മറ്റാരുമല്ല ഉമ്മന്‍ചാണ്ടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. താനാണ് ഇതിനെല്ലാം ഉത്തരവാദിയെന്ന് ഏറ്റുപറയണം. എങ്കിൽ അവരോട് അൽപമെങ്കിലും നീതി പുലർത്തിയെന്ന് പറയാം. ഉദ്യോഗാർഥികളുടെ സമരത്തെ ഉപയോഗിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാൻ പ്രതിപക്ഷം കുത്സിത ശ്രമം നടത്തുകയാണ്. സമരത്തെ മുൻ മുഖ്യമന്ത്രി തന്നെ പിന്തുണയ്ക്കുന്നത് അസാധാരണമെന്നും അദ്ദേഹം പറഞ്ഞു.
കാലാഹരണപ്പെട്ട റാങ്ക് ലിസ്റ്റ് പുനരുജ്ജീവിപ്പിക്കാൻ ഏതെങ്കിലും നിയമവും സാധ്യതയും നാട്ടിലുണ്ടോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഇതൊന്നും അറിയാത്തവരല്ല നാട് ഭരിച്ച മുൻമുഖ്യമന്ത്രിയും കൂട്ടരും. യുവജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയനേട്ടം കൊയ്യാമോയെന്നാണ് പ്രതിപക്ഷ നേതാക്കൾ നോക്കുന്നത്. ഉദ്യോഗാർഥികളോട് സർക്കാരിന് അനുകമ്പ മാത്രമേയുള്ളു. ചെയ്യാൻ കഴിയാവുന്നതിന്റെ പരമാവധി ചെയ്യുക എന്നതാണ് സർക്കാർ സമീപനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പിഎസ്.സിയെ നോക്കുകുത്തിയാക്കി പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുന്നെന്ന് മുന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ ആരോപിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നാല് വര്‍ഷം ഏഴ് മാസ കാലയളവില്‍ 4012 റാങ്ക് ലിസ്റ്റുകള്‍ പി.എസ്.സി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 3113 റാങ്ക് ലിസ്റ്റുകള്‍ മാത്രമാണ് കഴിഞ്ഞ സര്‍ക്കാരിന്റെ ഇതേ കാലയളവില്‍ പ്രസിദ്ധീകരിച്ചിരുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പൊലീസില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലയളവില്‍ 13825 നിയമനങ്ങള്‍ നടന്നിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 4791 നിയമനങ്ങളാണ് നടന്നിട്ടുള്ളത്. ഇതു തമ്മിലുള്ള വ്യത്യാസം എല്ലാവര്‍ക്കും തിരിച്ചറിയാന്‍ കഴിയും. 2016-20 കാലയളവില്‍ എല്‍ഡി ക്ലാര്‍ക്ക് 19120 നിയമനങ്ങള്‍ നല്‍കി. 2011-16 കാലയളവില്‍ ഇത് 17711 മാത്രമായിരുന്നു. കോവിഡ് അടക്കമുള്ള സാഹചര്യങ്ങളെ നേരിട്ടും അതിജീവിച്ചുമാണ് ഈ സര്‍ക്കാര്‍ ഇത്രയും നിയമനങ്ങള്‍ നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ സര്‍ക്കാരിന്‍റെ കാലത്ത് 157909 നിയമന ശുപാര്‍ശകളാണ് പി.എസ്.സി നല്‍കിയിട്ടുള്ളത്. 27000 സ്ഥിരം തസ്തികകള്‍ ഉള്‍പ്പെടെ 44000 പുതിയ തസ്തികകളും സൃഷ്ടിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏത് കണക്ക് പരിശോധിച്ചാലും കഴിഞ്ഞ സര്‍ക്കാരിനേക്കാള്‍ കൂടുതല്‍ നിയമനവും തസ്തിക സൃഷ്ടിക്കലും ഈ സര്‍ക്കാര്‍ നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.