Kerala

ഇന്ധന സെസ്; കാൽനടയായി നിയമസഭയിലേക്ക് പ്രതിപക്ഷ എംഎൽഎമാർ

ഇന്ധന സെസ് പിൻവലിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയതോടെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. എംഎൽഎ ഹോസ്റ്റലിൽ നിന്ന് നിയമസഭയിലേക്ക് എംഎൽഎമാർ കാൽനടയായി നടന്ന് പ്രതിഷേധിക്കുകയാണ്. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. ‘നികുതിക്കൊള്ള, പിടിച്ചുപറി, പോക്കറ്റടി’ എന്നെഴുതിയ കറുത്ത ബാനറും പിടിച്ചായിരുന്നു നടത്തം.

സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കും. ഈ മാസം 13, 14 തിയതികളിൽ രാപ്പകൽ സമരം നടത്തും. സംസ്ഥാന സർക്കാരിന്റേത് ജനങ്ങളെ കൊള്ളയടിക്കുന്ന നികുതി നിർദേശങ്ങളാണ്. ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകും’- വി.ഡി സതീശൻ പറഞ്ഞു.

അതേസമയം, സഭക്ക് അകത്തും പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. സഭാ കവാടത്തിൽ നാല് പ്രതിപക്ഷ എം എൽ എമാർ നടത്തുന്ന സത്യഗ്രഹ പ്രതിഷേധവും തുടരുകയാണ്. 13 ആം തീയതി സെക്രട്ടറിയേറ്റിന് മുന്നിലും കളക്ടറേറ്റുകൾക്ക് മുന്നിൽ യു ഡി എഫ് രാപ്പകൽ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്. മുന്നണി യോഗം ചേർന്ന് തുടർ സമര പരിപാടികൾക്കും രൂപം നൽകും.