India Kerala

ചാവക്കാട് നൗഷാദ് കൊലപാതകം: അന്വേഷണ സംഘത്തെ മാറ്റണമെന്ന് കോൺഗ്രസ്

ചാവക്കാട് നൗഷാദ് കൊലപാതക കേസിലെ അന്വേഷണ സംഘത്തെ മാറ്റണമെന്ന് കോൺഗ്രസ് തൃശൂർ ജില്ലാ നേതൃത്വം. എസ്.ഡി.പി.ഐ നേതൃത്വവും പൊലീസും കേസിൽ ഒത്തുകളിക്കുകയാണെന്ന് ജില്ലാ പ്രസിഡന്റ് ടി.എൻ പ്രതാപൻ എം.പി ആരോപിച്ചു. പ്രതികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് ഈ മാസം 27ന് ഐ.ജി ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നും ടി.എൻ പ്രതാപൻ പറഞ്ഞു.

കൊലപാതകം നടന്ന് 22 ദിവസം പിന്നിട്ടു. രണ്ട് പ്രതികളെ മാത്രമാണ് പിടികൂടിയിട്ടുള്ളത്. എസ്.ഡി.പി.ഐ നേതാക്കളും പൊലീസും തമ്മിലുള്ള ധാരണ മൂലമാണ് കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതെന്ന് കോൺഗ്രസ് ആരോപിച്ചു.

അടുത്ത മാസം രണ്ടിന് നൗഷാദ് കുടുംബ സഹായനിധി ശേഖരിക്കാൻ ഡി.സി.സി നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ യു.ഡി.എഫ് എം.പിമാരും സംസ്ഥാന നേതാക്കളും ഫണ്ട്‌ ശേഖരണത്തിൽ പങ്കാളികളാവുമെന്നും ടി.എൻ പ്രതാപൻ പറഞ്ഞു. നൗഷാദ് കൊലപാതക കേസിൽ എസ്.ഡി.പി.ഐയും കോൺഗ്രസ് നേതൃത്വവും ഒത്തുകളിക്കുകയാണെന്ന ആരോപണവുമായി ബി.ജെ.പി രംഗത്തെത്തി. ലോക്സഭാ തെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐയുടെ വോട്ടിനുള്ള പ്രത്യുപകാരമാണ് കോൺഗ്രസ് ചെയ്യുന്നതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ നാഗേഷ് ആരോപിച്ചു. കേസിൽ എൻ.ഐ.എ അന്വേഷണം വേണമെന്ന നൗഷാദിന്റെ കുടുംബത്തിന്റെ ആവശ്യത്തെ പിന്തുണക്കുന്നതായി ബി.ജെ.പി ജില്ലാ പ്രസിഡന്റ് പറഞ്ഞു.