വയനാട് സീറ്റിലെ സ്ഥാനാർത്ഥിത്വത്തിനായി നടത്തിയ അന്തിമഘട്ട ചർച്ചയിലും വിട്ട് വീഴ്ചക്കില്ലാതെ എ – ഐ ഗ്രൂപ്പുകൾ. ടി സിദ്ധീഖിന് വയനാട് സീറ്റ് എന്ന നിലപാടിൽ ഉമ്മൻ ചാണ്ടി ഉറച്ചു നിന്നതോടെ ചർച്ച പരാജയപ്പെട്ടു. ചർച്ച പൂർത്തിയാകും മുമ്പേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേരളത്തിലേക്ക് മടങ്ങി. അന്തിമ തീരുമാനം ഹൈക്കമാൻഡിന് വിട്ടു. ഇന്ന് തന്നെ പ്രഖ്യാപനമുണ്ടാകുമെന്ന് മുല്ലപ്പള്ളിയും പ്രതീക്ഷ പ്രകടിപ്പിച്ചു.
എ- ഐ ഗ്രൂപ്പുകളുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിനെ തുടർന്ന് അനിശ്ചിതത്വത്തിലായ വയനാട് സീറ്റിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച അന്തിമഘട്ട ചർച്ച രാവിലെ തന്നെ ആരംഭിച്ചിരുന്നു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വസതിയിലെത്തി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തി. ആദ്യഘട്ടത്തിൽ എത്താതിരുന്ന ഉമ്മൻചാണ്ടി പിന്നീട് ചർച്ചയിൽ പങ്കുചേർന്നു. ടി സിദ്ദിഖിനെ വയനാട് സീറ്റ് എന്നതിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന കൃത്യമായ സന്ദേശം നൽകിയായിരുന്നു ഉമ്മൻചാണ്ടിയുടെ വരവ്.
ഉമ്മൻചാണ്ടിയെത്തി അല്‍പസമയം പിന്നിട്ടതോടെ രമേശ് ചെന്നിത്തല പുറത്തേക്കിറങ്ങി. ചർച്ച പൂർത്തിയാക്കിയതായും അന്തിമ തീരുമാനം ഹൈക്കമാൻഡ് കൈക്കൊള്ളുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ യോഗശേഷം പ്രതികരിച്ചു. ശേഷം ഇരുവരും എ.ഐ.സി.സി ആസ്ഥാനത്തെത്തി കേരളത്തിലെ ചുമതലയുള്ള ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കുമായി കൂടിക്കാഴ്ച നടത്തി.
വി.വി പ്രകാശൻ, അബ്ദുൽ മജീദ് എന്നിവരുടെ പേരുകളും വയനാട് മണ്ഡലത്തിലെ ചർച്ചകളിൽ ഉണ്ട്. വടകരയിൽ സജി മറോലി, പ്രവീൺ കുമാർ എന്നിവരുടെ പേരുകളാണ് ചർച്ചയിൽ ഉള്ളത്. ഷാനിമോൾ ഉസ്മാൻ ആലപ്പുഴയിലും ആറ്റിങ്ങലിൽ അടൂർപ്രകാശും മത്സരിക്കുമെന്ന് ഉറപ്പായി.