Kerala

28 സീറ്റിൽ നിന്ന് 21 ലേക്ക്‌ എൽഡിഎഫ്‌ വീണെന്ന് ടി.സിദ്ദിഖ്; ഏഴ് പതിനാലായത് ഇരിക്കൂറല്ല മട്ടന്നൂരാണെന്ന് ഷാഫി പറമ്പിൽ

കണ്ണൂർ മട്ടന്നൂർ നഗരസഭയിലെ യുഡിഎഫ് മുന്നേറ്റത്തിൽ പ്രതികരണവുമായി കൂടുതൽ കോൺഗ്രസ് നേതാക്കൾ രംഗത്ത്. 35 വാർഡുകളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിൽ 21 ഇടത്ത് എൽ.ഡി .എഫ് വിജയിച്ചപ്പോൾ 14 ഇടങ്ങളിൽ യു ഡി എഫ് അട്ടിമറി വിജയം നേടി. എൽ.എഡി.എഫ് ഭരണം നിലനിർത്തിയെങ്കിലും സീറ്റെണ്ണം ഇരട്ടിയാക്കിയതിന്റെ ആവേശത്തിലാണ് യുഡിഎഫ് ക്യാമ്പ്.

‘ഏഴ് പതിനാലായത് ഇരിക്കൂറല്ല മട്ടന്നൂരാണ്.ഓർത്തോളൂ..’ എന്നാണ് ഷാഫി ഷാഫി പറമ്പിൽ എംഎൽഎ തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. ‘തൃക്കാക്കരക്ക് പിന്നാലെ കേരളം മാറ്റത്തിന്റെ പാതയിൽ തുടരുകയാണ്. ഇടതുകോട്ടയിൽ ഉജ്ജ്വല മുന്നേറ്റം നടത്തിയ വിജയികൾക്കും അണിയറയിൽ പ്രവർത്തിച്ച യു.ഡി.എഫ് പ്രവർത്തകർക്കും അഭിനന്ദനങ്ങൾ…#നമ്മൾതിരിച്ച്വരും.’ യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് ഫേസ്ബുക്കിലൂടെ പറഞ്ഞു.

‘ഇടത്‌ ശക്തി കേന്ദ്രങ്ങളെ ഞെട്ടിച്ച്‌ മട്ടന്നൂരിൽ മിന്നുന്ന വിജയം സ്വന്തമാക്കിയ യുഡിഎഫ്‌ പ്രവർത്തകർക്ക്‌ അഭിവാദ്യങ്ങൾ… 7 സീറ്റിൽ നിന്ന് 14 സീറ്റിലെത്തിയ യുഡിഎഫ്‌ വിജയം ഇരട്ടി മധുരമുള്ളതാക്കി. 28 സീറ്റിൽ നിന്ന് 21 സീറ്റിലേക്ക്‌ എൽഡിഎഫ്‌ വീണു.’ ടി.സിദ്ദിഖ് എംഎൽഎ പറഞ്ഞു.